രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയത് പിഴവായി, റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി 

ഉച്ചയ്ക്ക് 12.15ന് ഹർഷാദ് വലിയ കൂട്ടിലേക്കു ക്ലീനിങിനായി കയറുമ്പോൾ അതിനുള്ളിൽ പാമ്പില്ലെന്നു ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്കു മാറ്റിയാണു ക്ലീനിങ് നടത്തിയത്
രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ഹര്‍ഷാദ്‌
രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ഹര്‍ഷാദ്‌

തിരുവനന്തപുരം; മൃഗശാ‍ലയിൽ രാജവെമ്പാ‍ലയുടെ കടിയേറ്റ് അനിമൽ കീപ്പർ മരിച്ച സംഭവത്തിൽ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്കു ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. കഴിഞ്ഞ ദിവസമാണ് ഹർഷാദ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. 

രണ്ടു കൂടുകളാണു രാജവെമ്പാലയെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിലുള്ളത്. ഒന്നു വലുതും മറ്റേതു ചെറുതുമാണ്. മൃഗശാലയിലെത്തുന്ന ആളുകൾ കാണുന്നതു വലിയ കൂടാണ്. ചെറിയകൂട് ഇതിനു പിന്നിലാണ്. ഒരു കൂട്ടിൽനിന്ന് മറ്റൊരു കൂട്ടിലേക്കു പാമ്പിനെ മാറ്റി വേണം കൂട് വൃത്തിയാക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ ഇരു കൂടുകളെയും വേർതിരിക്കുന്ന വാതിൽ ലോക്ക് ചെയ്തെന്നു ഉറപ്പാക്കണം. വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ച് അപകടം ഉണ്ടാകാതിരിക്കാനാണിത്. 

ഉച്ചയ്ക്ക് 12.15ന് ഹർഷാദ് വലിയ കൂട്ടിലേക്കു ക്ലീനിങിനായി കയറുമ്പോൾ അതിനുള്ളിൽ പാമ്പില്ലെന്നു ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്കു മാറ്റിയാണു ക്ലീനിങ് നടത്തിയത്. ജീവനക്കാർ ശബ്ദം കേട്ട് എത്തിയപ്പോൾ ഹർഷാദ് പിടയ്ക്കുകയായിരുന്നു. കൈയുടെ തൊട്ടു താഴെ പാമ്പിന്റെ കാഷ്ടത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതിൽ അടച്ചിരുന്നില്ല. വലിയ കൂടിലേക്കു പാമ്പിനെ മാറ്റി വാതിൽ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടിൽ കയ്യിട്ടതാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ പറയുന്നു. ചിലപ്പോൾ പാമ്പ് വലിയ കൂട്ടിലേക്കു കയറിയിരിക്കാമെന്ന തെറ്റിദ്ധാരണയാകാം അപകടത്തിലേക്കു നയിച്ചത്. കൂടിനുള്ളിൽ ക്യാമറകൾ സ്ഥാപിച്ചിരു‍ന്നുവെങ്കിലും കൂടിന്റെ പിൻഭാഗത്തുള്ള മാറ്റക്കൂടി‍നടുത്തു കാമറകൾ ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. കൂടിനു‍ള്ളിലെ ക്യാമറയിലെ സിസിടിവി ദൃശ്യങ്ങൾ ഉടൻ നൽകണമെന്നു പൊലീസ് നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com