‘ലീഡറുടെ’ ഉപദേശ പ്രകാരം മൊബൈൽ ഫോൺ നശിപ്പിച്ചെന്ന് അർജുൻ ആയങ്കി ; ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അർജുൻ ഫോൺ നശിപ്പിച്ചതായി വ്യക്തമാക്കിയത്
അര്‍ജുന്‍ ആയങ്കി /  ഫയൽ
അര്‍ജുന്‍ ആയങ്കി / ഫയൽ

കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന്  അർജുൻ ആയങ്കി. കസ്റ്റംസിന് നൽകി മൊഴിയിലാണ് ഫോൺ നശിപ്പിച്ചതായി അർജുൻ സമ്മതിച്ചത്. സ്വർണക്കടത്തും കവർച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിർന്ന അംഗങ്ങളുടെ നിർദേശം സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന ഫോണാണ് അർജുൻ നശിപ്പിച്ചത്. നേരത്തെ ഫോൺ പുഴയിൽ കളഞ്ഞെന്നാണ് അർജുൻ പറഞ്ഞിരുന്നത്. 

വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അർജുൻ ഫോൺ നശിപ്പിച്ചതായി വ്യക്തമാക്കിയത്.  അർജുന്റെ ‘ലീഡറെ’ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഫോൺ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങൾ കണ്ടെത്തുക ദുഷ്കരമായിട്ടുണ്ട്. 

രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവിൽപോയ അർജുൻ സംരക്ഷകരെ മുഴുവൻ ബന്ധപ്പെട്ടതും നിർദേശങ്ങൾ സ്വീകരിച്ചതും വാട്സാപ്, ടെലിഗ്രാം ആപ്പുകൾ വഴിയാണ്. ഇതു സംബന്ധിച്ച മൊഴികൾ ലഭിച്ചാലും അർജുന്റെ ‘ലീഡർ’ അടക്കമുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്താൽ മാത്രമേ ശാസ്ത്രീയ തെളിവുകൾ വീണ്ടെടുക്കാൻ കഴിയൂ. അർജുനും കാരിയർ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണിൽ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്. അർജുന്റെ ഭാര്യ ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com