ആ ഫോട്ടോ മകന്റേത്, പ്ലസ് വൺ വിദ്യാർഥിയുമായി അമ്മ സ്റ്റേഷനിലെത്തി; മോഷണം പോയ മൊബൈൽ തിരികെ നൽകി, സന്തോഷത്തിൽ ജെറോമും ജോയലും  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2021 08:23 AM  |  

Last Updated: 05th July 2021 08:24 AM  |   A+A-   |  

mobile_phone_looted

പൊലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ ദൃശ്യം

 

ആലപ്പുഴ: മോഷണം പോയ മൊബൈൽ ഫോൺ തിരികെ ജെറോമിന്റെയും ജോയലിന്റെയും കൈയിലെത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി എംഎൽഎ നൽകിയ മൊബൈൽ ഫോൺ ശനിയാഴ്ചയാണ് നഷ്ടപ്പെട്ടത്. പൊലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ ദൃശ്യം കണ്ട് ഫോൺ കവർന്നതു തന്റെ മകനാണെന്നു മനസ്സിലാക്കിയ പള്ളിപ്പാട് സ്വദേശിനിയാണ് മൊബൈൽ തിരികെയെത്തിച്ചത്. 

പ്ലസ് വൺ വിദ്യാർഥിയായ മകനുമൊത്തു മാവേലിക്കര സ്റ്റേഷനിലെത്തുകയായിരുന്നു ആ അമ്മ. വിദ്യാർഥിക്കെതിരെ കേസെടുത്ത പൊലീസ് അമ്മയ്ക്കൊപ്പം വിട്ടു. 

മാവേലിക്കര ജില്ലാ ആശുപത്രി ജങ്ഷന് സമീപം ചായക്കട നടത്തുന്ന കൊച്ചുവീട്ടിൽ വർഗ്ഗീസിന് മക്കളുടെ പഠനത്തിനായി എംഎൽഎ എം എസ് അരുൺകുമാർ നൽകിയ ഫോണാണ് നഷ്ടപ്പെട്ടത്. ഒൻപതാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളാണ് വർഗ്ഗീസിന്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ഇയാൾ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് വിഷമിച്ചിരിക്കെയാണ് എംഎൽഎ മൊബൈൽ ഫോൺ നൽകിയത്. കടയോട് ചേർന്നു തന്നെയാണ് വർഗ്ഗീസിന്റെ വീടുമുള്ളത്.

കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഫോൺ കവർന്നത്. പ്ലസ് വൺ വിദ്യാർഥി പരിച്ചയക്കാരന്റെ ബൈക്കിൽ എത്തിയാണ് മോഷണം നടത്തിയത്. ബൈക്കിന്റെ ഉടമയെ റോഡരികിൽ ഇറക്കി ഉടൻ വരാമെന്നു പറഞ്ഞ് പോയാണ് ഫോൺ കൈക്കലാക്കിയത്. പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽനിന്നു പണം മോഷ്ടിച്ചതിനു മുൻപും ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്. കൗൺസലിങ്ങിനു വിധേയനാകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.