കിറ്റെക്‌സ് വിവാദം : മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് 

യോഗത്തില്‍ വ്യവസായ-തദ്ദേശ-ആരോഗ്യ വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും
sabu_pinarayi
sabu_pinarayi

തിരുവനന്തപുരം : വ്യവസായ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിനാണ് യോഗം. യോഗത്തില്‍ വ്യവസായ-തദ്ദേശ-ആരോഗ്യ വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. 

വ്യവസായ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളിലെ പരിശോധനയിലെ തുടര്‍ നടപടികള്‍ യോഗം തീരുമാനിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ തുടരെ മിന്നല്‍ പരിശോധനകള്‍ നടത്തി പീഡിപ്പിക്കുകയാണെന്നും, അതിനാല്‍ 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്നാണ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് അറിയിച്ചത്. 

കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം ഇല്ലെന്ന വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ മിന്നല്‍ പരിശോധനകള്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ചേക്കും. ഇതുസംബന്ധിച്ച് വ്യവസായമന്ത്രി പി രാജീവ് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. കിറ്റക്‌സ് എംഡി സാബു എം ജേക്കബുമായി ശനിയാഴ്ച വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. 

സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും തൊഴില്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കിറ്റെക്സ്സ് കമ്പനി ജീവനക്കാരുടെ പ്രതിഷേധം ഇന്ന് നടക്കും. കിഴക്കമ്പലത്തെ കമ്പനി ഓഫീസ് പരിസരത്ത് വൈകിട്ട് ആറ് മണിക്ക് മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധം. കിറ്റക്‌സിലെ 9500 ജീവനക്കാര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രതിഷേധമെന്ന് കിറ്റെക്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

അതേസമയം, കേരളത്തിലെ പദ്ധതിയില്‍ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ച കിറ്റെക്‌സിനെ സ്വാഗതം ചെയ്ത് തമിഴ്‌നാടും തെലങ്കാനയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാടും തെലങ്കാനയും കൂടാതെ കിറ്റെക്‌സിനെ സ്വാഗതം ചെയ്ത മറ്റ് അഞ്ചു സംസ്ഥാനങ്ങളും ഔദ്യോഗിക ക്ഷണക്കത്ത് ഇന്ന് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപത്തിന്റെ പകുതി സബ്‌സിഡി  നല്‍കാമെന്നാണ് തമിഴ്‌നാട് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com