കുട്ടിയുടേത് പാര്‍ട്ടി കുടുംബം; പ്രശ്‌നം പരിഹരിച്ചു; എം ഹംസ

മുകേഷിനെ ഫോണില്‍ വിളിച്ച സംഭവത്തില്‍ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്നും പ്രശ്‌നം പരിഹരിച്ചെന്നും ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ 
ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ/ ടെലിവിഷന്‍ ചിത്രം
ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ/ ടെലിവിഷന്‍ ചിത്രം

പാലക്കാട്: പത്താം ക്ലാസുകാരനായ കുട്ടി കൊല്ലം എംഎല്‍എ മുകേഷിനെ ഫോണില്‍ വിളിച്ചത് ദുരുദ്ദേശ്യപരമായല്ലെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ. മുകേഷിന്റെ ആരാധകനായത് കൊണ്ടും എംഎല്‍എ എന്നരീതിയില്‍ നമ്പര്‍ കിട്ടിയത് കൊണ്ടും വിളിച്ചതാണ്. ആറ് തവണ വിളിച്ചിരുന്നു. പിന്നീട് മുകേഷ് തിരിച്ചുവിളിച്ചു. മുകേഷ് അങ്ങനെ പറഞ്ഞതില്‍ കുട്ടിക്ക് യാതൊരുവിഷമവുമില്ലെന്നും ഹംസ പറഞ്ഞു. 

കുട്ടിയുടെ കുടുംബം പാര്‍ട്ടി കുടുംബമാണ്. കുട്ടി ബാലസംഘം പ്രവര്‍ത്തകനും അച്ഛന്‍ സിഐടിയു നേതാവുമാണ്. കുട്ടികളുടെ ഒരു ഉത്കണ്ഠ കൊണ്ടും ഒരാരാധന കൊണ്ടും വിളിച്ചുപോയതാണ്. ഇതില്‍ യാതൊരുവിധ ഗൂഢാലോചനയും ഇല്ല. ഇതോടെ പ്രശ്‌നത്തിന് പരിഹാരമായതായും സുഹൃത്തിന്റെ മൊബൈല്‍ പ്രശ്‌നത്തിന് പാര്‍ട്ടി പരിഹാരം കാണുമെന്നും ഹംസ പറഞ്ഞു. 

സ്‌കൂളിലെ ഒരു കൂട്ടുകാരന് ഫോണ്‍ ലഭിക്കുന്നതിനായാണ് എംഎഎല്‍എയെ വിളിച്ചതെന്ന് പത്താംക്ലാസുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ നടനായതുകൊണ്ട് കൂടിയാണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്. എംഎല്‍എ ശകാരിച്ചതില്‍ വിഷമമില്ലെന്നും പത്താംക്ലാസുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ വാക്കുകള്‍;

ഞാന്‍ മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു. ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായെന്ന് പറഞ്ഞു. പിന്ന മുകേഷേട്ടന്‍ തിരിച്ച് വിളിക്കുകയായിരുന്നു. ഞാന്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത്് ഒരു സിനിമാ നടനെ വിളിക്കുകയാണല്ലോ എന്ന് കരുതിയാണ്. കൂടാതെ പറഞ്ഞ കാര്യം നടക്കുമെന്ന് കരുതി.

സ്‌കൂളിലെ ഫോണ്‍ ഇല്ലാത്ത കുട്ടിക്ക് ഫോണ്‍ ലഭിക്കാന്‍ വേണ്ടിയാണ് വിളിച്ചത്. സിനിമാ നടന്‍ കൂടി ആയതിനാല്‍ സഹായിക്കുമെന്ന് കരുതി. മുകേഷേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എനിക്കൊരു കുഴപ്പവുമില്ല. ആറ് തവണ വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. സാറ് എല്ലാവര്‍ക്കും ഫോണ്‍ കൊടുക്കുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതുകൊണ്ടു ഫോണ്‍ ലഭിക്കുമെന്ന് കരുതി. അങ്ങനെയാണ് വിളിച്ചത്.

ആറ് തവണ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചാല്‍ ഏതൊരാള്‍ക്കും ദേഷ്യം വരുമല്ലോ. അതുകൊണ്ടാവും അങ്ങനെ പറഞ്ഞത്. കുട്ടുകാരന് കേള്‍ക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് റെക്കോര്‍ഡ് ചെയ്തത്. അത് അവന് അയച്ചുകൊടുത്തു. അവന്‍ അവന്റെ അടുത്ത രണ്ട് പേര്‍ക്ക് കൂടി അയച്ചുകൊടുത്തു. പിന്നെ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com