'സിനിമാ താരം മാത്രമല്ല, ഇടതുപക്ഷ എംഎല്‍എ കൂടിയാണ് ; അതു മറക്കരുത്'

കുട്ടിയോട് മുകേഷ് കയര്‍ത്ത് സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
അരുണ്‍ ബാബു, മുകേഷ് / ഫയല്‍
അരുണ്‍ ബാബു, മുകേഷ് / ഫയല്‍

കൊല്ലം : സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയോട് രൂക്ഷമായി പ്രതികരിച്ച കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെതിരെ സിപിഐ വിദ്യാര്‍ത്ഥി സംഘടന. ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എംഎല്‍എ കൂടിയാണ് മുകേഷ്.  അതു മറക്കരുതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. സമൂഹ മാധ്യമങ്ങളിലടക്കം മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എഐഎസ്എഫ് സെക്രട്ടറിയുടെ പ്രതികരണം. 

അത്യാവശ്യ കാര്യത്തിനാണെന്ന് പറഞ്ഞ കുട്ടിയോട് മുകേഷ് കയര്‍ത്ത് സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വിദ്യാര്‍ഥിയെയാണ് എംഎല്‍എ ശകാരിച്ചത്. 

പാലക്കാട്ട് നിന്നും കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല, പാലക്കാട്ടെ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത് എന്നാണ് മുകേഷ് ഫോണില്‍ പറയുന്നത്. കൂട്ടുകാരനാണ് ഫോണ്‍ നമ്പര്‍ തന്നതെന്ന് പറഞ്ഞ കുട്ടിയോട്  കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം എന്നായിരുന്നു മുകേഷിന്റെ മറുപടി. 

വിളിച്ചതില്‍ മാപ്പ് ചോദിച്ച കുട്ടിയോട് സോറി അല്ല. വെളച്ചില്‍. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ വിളിക്കാതെ അയാളെ വെറും ബഫൂണ്‍ ആക്കീട്ട് വേറെ നാട്ടിലെ എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്. എന്ന് മുകേഷ് പറഞ്ഞു. തന്റെ മുന്നില്‍ ഉണ്ടായിരുന്നെങ്കില്‍ ചൂരല് വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാന്ന് അറിയില്ല. എംഎല്‍എയെ ആരാണെന്ന് പഠിച്ച് പോയി സംസാരിക്ക് എന്നുപറഞ്ഞാണ് സംഭാഷണം അവസാനിക്കുന്നത്. 

സൂം മീറ്റിങ്ങിലായിരുന്ന തന്നെ ആറ് പ്രാവശ്യം നിരന്തരം വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്നാണ് സംഭവത്തില്‍ മുകേഷിന്റെ വിശദീകരണം. തന്നെ പ്രകോപിപ്പിക്കാനായി ഇത്തരം ഫോണ്‍വിളികള്‍ പതിവായെന്നും മീറ്റിങ്ങിലാണെന്ന് പറഞ്ഞിട്ടും തുടര്‍ന്നും ശല്യപ്പെടുത്തിയതിനാലാണ് വിദ്യാര്‍ത്ഥിയോട് അങ്ങനെ പറയേണ്ടി വന്നതെന്നും മുകേഷ് ഫെയ്‌സ്ബുക്ക് വിഡിയോയില്‍ പറയുന്നു. 

പരാതി പറയാന്‍ വിളിച്ച യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്‍ പരുഷമായി സംസാരിച്ചത് വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com