സ്വര്‍ണക്കടത്തിനു യുവാക്കളെ ആകര്‍ഷിച്ചത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍, അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നത് കൊടി സുനിയും ഷാഫിയും; കസ്റ്റംസ് കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2021 03:34 PM  |  

Last Updated: 06th July 2021 03:36 PM  |   A+A-   |  

gold smuggler arjun ayanki

അര്‍ജുന്‍ ആയങ്കി / ഫയൽ

 

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വിശദ അന്വേഷണം വേണമെന്ന് കസ്റ്റംസ് കോടതിയില്‍. കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.

കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി അര്‍ജുനെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം അര്‍ജുന് ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കിയാണ് കള്ളക്കടത്തു നടത്തിയത്. പ്രത്യേക പാര്‍ട്ടിയുടെ ആളെന്നു പ്രചരിപ്പിച്ച് കള്ളക്കടത്തിലേക്കു യുവാക്കളെ ആകര്‍ഷിച്ചു. ഇതിനായി സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു. ഭാര്യ അമലയുടെ ഉള്‍പ്പെടെ മൊഴികള്‍ അര്‍ജുന് എതിരാണെന്ന് കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറഞ്ഞു.

കസ്റ്റംസ സംഘം തന്നെ മര്‍ദിച്ചതായി അര്‍ജുന്‍ കോടതിയില്‍ പറഞ്ഞു. ഇതു കോടതി രേഖപ്പെടുത്തി.

സ്വര്‍ണക്കടത്തിന് കൊടി സുനിയും ഷാഫിയും സഹായിച്ചെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളില്‍ കസ്റ്റംസ് നേരത്തെ പരിശോധന നടത്തിയിരുന്നു.