മുഹമ്മദിനുള്ള മരുന്ന്; നികുതിയായി നല്‍കേണ്ടത് ആറരക്കോടി; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും തീവ്ര ശ്രമം നടത്തിവരികയാണ്.
മുഹമ്മദ്, സഹോദരി അഫ്ര
മുഹമ്മദ്, സഹോദരി അഫ്ര

കോഴിക്കോട്: കണ്ണൂര്‍ മാട്ടൂലില്‍ അപൂര്‍വ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ സോള്‍ജെന്‍സ്മ ഇന്‍ജെക്ഷനുമേലുള്ള ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എളമരം കരീം എംപി കത്തയച്ചു. മസില്‍ ശോഷണത്തിന് വഴിവെയ്ക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അസ്‌ട്രോഫി എന്ന ജനിതക രോഗമാണ് മുഹമദിന്.സോള്‍ജെന്‍സ്മ ഇന്‍ജെക്ഷന് ഏകദേശം 18 കോടി രൂപയാണ് വില. 

കല്യാശേരി മണ്ഡലം എംഎല്‍എ വിജിന്റെയും മാട്ടൂല്‍ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫലമായി മരുന്നിന് ആവശ്യമായ തുക കൂട്ടായ ശ്രമത്തിലൂടെ ഒരാഴ്ച കൊണ്ട് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.
ഈ മരുന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ നികുതിയിനത്തില്‍ മാത്രം ആറര കോടി രൂപ ചെലവുവരും. ഈ നികുതികള്‍ ഒഴിവാക്കി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. 

സമാനമായ രീതിയില്‍ മഹാരാഷ്ട്രയിലെ തീര എന്ന കുട്ടിക്ക്  സൊള്‍ജെന്‍സ്മ മരുന്നിനുമേലുള്ള നികുതികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതേ നിലപാട് മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണം.  മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും തീവ്ര ശ്രമം നടത്തിവരികയാണ്. ഈ ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായം അടിയന്തിരമായി നല്‍കണമെന്നും മരുന്നിന്റെ നികുതി ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com