'പോക്‌സോ കേസ് പ്രതിയെ സംരക്ഷിച്ചു'; മാത്യു കുഴല്‍നാടന് എതിരെ അവകാശലംഘന നോട്ടീസ്

കല്യാശ്ശേരി എംഎല്‍എ എം വിജിനാണ് നോട്ടീസ് നല്‍കിയത്
മാത്യു കുഴല്‍നാടന്‍/ഫെയ്‌സ്ബുക്ക്
മാത്യു കുഴല്‍നാടന്‍/ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്നു എന്നാരോപിച്ച് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന് എതിരെ നിയമസഭ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ്. കല്യാശ്ശേരി എംഎല്‍എ എം വിജിനാണ് നോട്ടീസ് നല്‍കിയത്. ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് മാത്യു കുഴല്‍നാടനെതിരെ സ്പീക്കര്‍ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

എംഎല്‍എയുടെ പ്രവര്‍ത്തികള്‍ പദവിക്ക് കളങ്കമാണ്. സഭയുടെയും അംഗങ്ങളുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു. 

എറണാകുളം ജില്ലയിലെ പോത്താനിക്കാട് പൊലീസ് സ്റ്റേഷനില്‍ 473 ക്രൈം നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്‌സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേല്‍ റിയാസിനെ സഹായിക്കുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാം പ്രതിയാണ് ഷാന്‍ മുഹമ്മദ്. 

പ്രതിയെ പിന്തുണച്ചും സംരക്ഷിക്കുമെന്ന് പരസ്യമായി പറഞ്ഞും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തത് ഒരു നിയമസഭാ അംഗം എങ്ങനെയൊക്കെ സഭയ്ക്ക് പുറത്ത് പെരുമാറണം എന്നുള്ള പെരുമാറ്റ ചട്ടങ്ങളുടെയും പൊതുവായ സദാചാര തത്വങ്ങളുടെയും ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു. മാത്യു കുഴല്‍നാടന്റെ ഈ പ്രവര്‍ത്തികള്‍ എംഎല്‍എ പദവിക്ക് കളങ്കമായി തീരുകയും ഇതുവഴി അംഗങ്ങളുടെയും സഭയുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്‌തെന്നും നോട്ടീസില്‍ പറയന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com