അമ്പലപ്പുഴയില്‍ വീഴ്ച; പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു; സിപിഎം റിപ്പോര്‍ട്ട്

അമ്പലപ്പുഴയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്
എകെജി സെന്റര്‍ തിരുവനന്തപുരം
എകെജി സെന്റര്‍ തിരുവനന്തപുരം



തിരുവനന്തപുരം: അമ്പലപ്പുഴയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. എന്നാല്‍ ജി സുധാകരന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ജോസ് കെ.മാണി തോറ്റ പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചകളിലെ അന്വേഷണവും നടപടിയും വെള്ളി, ശനി ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാനസമിതി യോഗം തീരുമാനിക്കും. 

ജി സുധാകരന് പകരം അമ്പലപ്പുഴയില്‍ മല്‍സരിച്ച എച്ച് സലാം ജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാളിച്ചകളുണ്ടായെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. ജി സുധാകരനെതിരെ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നെങ്കിലും റിപ്പോര്‍ട്ടില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. സംസ്ഥാനസമിതിയില്‍ നടക്കുന്ന ചര്‍ച്ചയെ തുടര്‍ന്ന് അമ്പലപ്പുഴയിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത. കുണ്ടറ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ തോല്‍വിയും ജയിച്ചെങ്കിലും വോട്ടുകുറഞ്ഞ അരുവിക്കര, ഒറ്റപ്പാലം, നെന്മാറ എന്നിവിടങ്ങളിലുണ്ടായ വീഴ്ചകളും അന്വേഷിക്കുന്ന കമ്മീഷനുകളുടെ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് നടപടിയുണ്ടാകും. 

ഘടകക്ഷികളുടെ പരാതിയിലും തുടര്‍നടപടിയുണ്ടാകും. പാലായില്‍ ജോസ് കെ മാണിയുടെ പരാജയം സിപിഎം അന്വേഷിക്കും. പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്നാണ് സിപിഎം വിലയിരുത്തല്‍. കല്‍പറ്റയില്‍ എം വി ശ്രേയാംസ് കുമാര്‍ തോറ്റതും അന്വേഷിക്കും. തൃപ്പൂണിത്തുറ, കുണ്ടറ, പാലാ, കല്‍പറ്റ, കരുനാഗപ്പള്ളി മണ്ഡലങ്ങള്‍ ജയിക്കാവുന്നതായിരുന്നെന്നും സംഘടനാവീഴ്ച കൊണ്ടാണ് പരാജയമുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇടതുമുന്നണി മൂന്നാം സ്ഥാനത്തുപോയ പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ദയനീയ പരാജയം ജില്ലാ തലത്തില്‍ പ്രത്യേകം പരിശോധിക്കും. പാര്‍ട്ടി തീരുമാനിത്തിനിടെ പരസ്യപ്രതിഷേധങ്ങള്‍ നടന്ന കുറ്റ്യാടിയില്‍ നടപടിയെടുത്തു. പൊന്നാനിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് നടപടിയെടുക്കും. 

കേരള കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയത് തിരഞ്ഞെടുപ്പ് വിജയത്തിന് സഹായകമായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടുക്കി, കോട്ടയം ജല്ലകളിലെ നേട്ടത്തില്‍ കേരള കോണ്‍ഗ്രസ് പ്രധാനപങ്കുവഹിച്ചു. കോഴിക്കോട്, എറണാകുളം ജില്ലകളിലും അവരുടെ വരവ് പ്രയോജനപ്പെട്ടു. എല്ലാ സമുദായങ്ങളിലെയും അംഗങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നിന്നു. മുസ്ലിം വോട്ട് ഇടതുമുന്നണിക്കെതിരായി ഏകീകരിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com