എസ് വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു; എതിര്‍ത്തപ്പോള്‍ അറസ്റ്റ് ചെയ്തു; ആരോപണവുമായി മറിയം റഷീദ

രണ്ട് ദിവസത്തിന് ശേഷം എസ് വിജയന്‍ ഹോട്ടല്‍ മുറിയിലെത്തി. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ താന്‍ എസ് വിജയനെ അടിക്കുകയും മുറിയില്‍ നിന്ന് പുറത്തിറക്കി വിടുകയുമായിരുന്നു
മറിയം റഷീദ - എസ് വിജയന്‍
മറിയം റഷീദ - എസ് വിജയന്‍


തിരുവനന്തപുരം: ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസിലെ പ്രതി എസ് വിജയനെതിരെ ആരോപണവുമായി മറിയം റഷീദ. എസ് വിജയന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മറിയം റഷീദ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറിയം റഷീദയുടെ വെളിപ്പെടുത്തല്‍.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് അന്ന് ചാരക്കേസില്‍ പ്രതിയായ മറിയം റഷീദ ഹര്‍ജി നല്‍കിയത്. അന്ന് നടന്ന കാര്യങ്ങള്‍ വിശദമായി മറിയ ഹര്‍ജിയില്‍ പറയുന്നു.

തിരുവനന്തപുരത്തുനിന്നും ഉദ്ദേശിച്ച വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. വിസ കാലാവധി നീട്ടിക്കിട്ടാനായാണ് എസ് വിജയനെ കാണുന്നത്. അന്ന് രണ്ട് ദിവസം കഴിഞ്ഞ് വരാനാണ് എസ് വിജയന്‍ പറഞ്ഞത്. തിരിച്ച് ഹോട്ടില്‍ മുറിയിലെത്തി. രണ്ട് ദിവസത്തിന് ശേഷം എസ് വിജയന്‍ ഹോട്ടല്‍ മുറിയിലെത്തി. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ താന്‍ എസ് വിജയനെ അടിക്കുകയും മുറിയില്‍ നിന്ന് പുറത്തിറക്കി വിടുകയുമായിരുന്നു. അതിനെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ചാരക്കേസില്‍ കുടുക്കുകയും ചെയ്തതെന്ന് റഷീദ ആരോപിക്കുന്നു. അറസ്റ്റ് ചെയ്തതിന് ശേഷം ഐബി ഉദ്യോഗസ്ഥര്‍ അതിക്രൂരമായ രീതിയില്‍ ചോദ്യം ചെയ്യലിന് വിധേയയാക്കി. കാല്‍ കസേരകൊണ്ട് അടിച്ച് പൊട്ടിച്ചതായും മറിയം റഷീദ ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com