അറസ്റ്റിനു മുമ്പു തന്നെ നമ്പി നാരായണന്‍ വിആര്‍എസിന് അപേക്ഷ നല്‍കി; രേഖകളുമായി സിബി മാത്യൂസ് കോടതിയില്‍

അറസ്റ്റിനു മുമ്പു തന്നെ നമ്പി നാരായണന്‍ വിആര്‍എസിന് അപേക്ഷ നല്‍കി; രേഖകളുമായി സിബി മാത്യൂസ് കോടതിയില്‍
നമ്പി നാരായണന്‍/ഫയല്‍
നമ്പി നാരായണന്‍/ഫയല്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അറസ്റ്റിലാവുന്നതിനു മുമ്പു തന്നെ നമ്പി നാരായാണന്‍ സര്‍വീസില്‍നിന്നു സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയതിനു പിന്നിലെ ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ട, മുന്‍ ഡിജിപി സിബി മാത്യൂസ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നമ്പി നാരായണന്‍ ഐഎസ്ആര്‍ഒയില്‍നിന്നു സ്വയം വിരമിക്കുന്നതിനു നല്‍കിയ അപേക്ഷ സിബി മാത്യൂസ്, തിരുവനന്തപുരം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്. 1994 നവംബര്‍ ഒന്നിനാണ് നമ്പി നാരായണന്‍ വിആര്‍എസിന് അപേക്ഷ നല്‍കിയത്. ആ മാസം 30നാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. 

വ്യക്തിപരമായ കാരണങ്ങളാല്‍ വിആര്‍എസ് വേണമെന്നാണ് നമ്പി അപക്ഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്. നോട്ടീസ് പിരിയഡ് ഒഴിവാക്കി നവംബര്‍ 11ന് തന്നെ വിടുതല്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നതായും നമ്പി നാരായണന്‍ പറയുന്നുണ്ട്. ഐഎസ്ആര്‍ഒ ചെയര്‍മാന് ആണ് അപേക്ഷ നല്‍കിയിട്ടുള്ളത്. 

പിഎസ്എല്‍വി വിക്ഷേപണത്തിനു ശേഷം വിരമിക്കണമെന്ന് ഓഗസ്റ്റില്‍ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി നേരത്തെ പറഞ്ഞ കാര്യം കത്തില്‍ ചെയര്‍മാനെ നമ്പി നാരായണന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അത് സമ്മതിച്ചിട്ടുള്ളതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിരമിച്ചതിനു ശേഷം അമേരിക്കയില്‍ പോവാന്‍ പദ്ധതി ഇട്ടിരുന്നതായി വ്യക്തമാക്കുന്ന, നമ്പി നാരായണന്റെ ആത്മകഥയിലെ ഭാഗങ്ങളും സിബി മാത്യൂസ് ജാമ്യാപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com