വ്യവസായികളുടെ പരാതികള്‍ നേരിട്ട് പറയാം; പി രാജീവിന്റെ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി 15 മുതല്‍

ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരേയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരില്‍ കാണുക
പി. രാജീവ് /ഫയല്‍
പി. രാജീവ് /ഫയല്‍

തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി വ്യവസായ മന്ത്രി പി രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി ജൂലൈ 15 ന് ആരംഭിക്കും.

ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരേയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരില്‍ കാണുക. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസങ്ങളും സംരംഭകര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താം. അത്തരം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, തദ്ദേശ വകുപ്പ്, ലീഗല്‍ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, അഗ്‌നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍, ചുമതലയുള്ള ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. 

ജൂലൈ 15 രാവിലെ 10 എറണാകുളം, 16 ഉച്ചക്ക് 2ന് തിരുവനന്തപുരം, 19 രാവിലെ 10ന് കോട്ടയം എന്നിങ്ങനെ ആദ്യ മൂന്ന് ജില്ലകളിലെ പരിപാടിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പരിപാടിയുടെ സംഘാടനത്തിനായി വ്യവസായ വകുപ്പിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നിശ്ചയിച്ചിട്ടുണ്ട്. പരാതികളോ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അവ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ ഈ മെയില്‍ വഴിയോ മുന്‍കൂട്ടി നല്‍കണം. പരാതിയുടെ പകര്‍പ്പ് meettheminister@gmail.com എന്ന  ഇമെയിലിലും നല്‍കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുന്‍കൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് അറിയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com