റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾക്ക് വിരാമമിടാൻ റെറ; വെബ്പോർട്ടലിന് തുടക്കം

റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾക്ക് വിരാമമിടാൻ റെറ; വെബ്പോർട്ടലിന് തുടക്കം
റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾക്ക് വിരാമമിടാൻ റെറ; വെബ്പോർട്ടലിന് തുടക്കം

കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോർട്ടൽ rera.kerala.gov.in തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ പുരോഗതിയും ഇനി മുതൽ ഈ വെബ്പോർട്ടൽ വഴി അറിയാം. രജിസ്റ്റർ ചെയ്ത പദ്ധതികളുടേയും ഭൂമിയുടെയും രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോർട്ടലിലൂടെ ലഭ്യമാകും. 

ഓരോ മൂന്ന് മാസം കൂടുമ്പോഴും പദ്ധതിയുടെ നിർമാണ പുരോഗതി ഡെവലപ്പർമാർ പോർട്ടലിൽ ലഭ്യമാക്കണം. വീഴ്ച വരുത്തിയാൽ ഏഴ് ദിവസത്തിനുള്ളിൽ അവരുടെ പേരടക്കമുള്ള വിശദാംശങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഇത് പദ്ധതികളുടേയും റിയൽ എസ്റ്റേറ്റ് കമ്പനികളുടേയും സൽപേരിനെ ബാധിക്കുമെന്നതിനാൽ പോർട്ടൽ വഴി കൃത്യമായ വിവരങ്ങൾ നൽകാൻ കമ്പനികൾ നിർബന്ധിതരാകും. ഫ്ളാറ്റുകളും വില്ലകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും അഡ്വാൻസ് നൽകിയവർക്കും വായ്പ നൽകുന്ന ബാങ്കുകൾക്കും എല്ലാം ഏറെ ഉപകാരപ്രദമായ ഒന്നായി വെബ് പോർട്ടൽ മാറുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.

ഏതെങ്കിലും പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ ലളിതമായ തെരച്ചിലിലൂടെത്തന്നെ പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാകും. ഡെവലപ്പർമാരുടെ ഇതുവരെയുള്ള പ്രവർത്തനചരിത്രവും അവർക്കെതിരെ എന്തെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളുമെല്ലാം പോർട്ടലിൽ ലഭ്യമാകുന്നതോടെ ഉപഭോക്താക്കൾ ചതിക്കുഴിയിൽ വീഴില്ല. 

റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കഴിയുന്നത്ര സുതാര്യത ഉറപ്പാക്കാനാണ് വെബ്പോർട്ടലിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഏതെങ്കിലും ഡെവലപ്പർ തെറ്റായ വിവരം നൽകിയതായി ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നിയമനടപടിയുമുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com