കല്യാണത്തിനും മരണത്തിനും 20 പേര്‍, മദ്യശാലയ്ക്ക് മുന്നില്‍ '500' ഉം ആകാം ; ആള്‍ക്കൂട്ടം നല്‍കുന്നത് എന്തു സന്ദേശം ?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കോടതി ബെവ്‌കോയുടെ മുന്നില്‍ വരുന്നവരുടെ ആരോഗ്യത്തിലാണ് ശ്രദ്ധ ചെലുത്തുന്നത്
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി : മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ഹൈക്കോടതി. ചൊവ്വാഴ്ചയ്ക്കം സര്‍ക്കാര്‍ മറുപടി നല്‍കണം. ബെവ്‌കോയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. കല്യാണത്തിനും മരണത്തിനും ആളുകളെ നിയന്ത്രിക്കുമ്പോഴാണ് മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമാണെന്നും കോടതി വിമര്‍ശിച്ചു. 

കൂട്ടം കൂടുന്നതിലൂടെ ആളുകള്‍ക്ക് രോഗം പകരില്ലേ ?. മദ്യവില്‍പ്പനയുടെ കുത്തക ബെവ്‌കോയ്ക്കാണ്. വേണ്ട സൗകര്യം ഒരുക്കാന്‍ ബെവ്‌കോയ്ക്ക് ബാധ്യതയുണ്ട്. ഒരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ല. ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്നും കോടതി ചോദിച്ചു. 

ബെവ്‌കോയുടെ മുന്നിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് കോടതിക്ക് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് സ്വമേധയാ എടുത്ത കേസും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ കോടതിയലക്ഷ്യ നടപടിയും. കോടതി അലക്ഷ്യ കേസില്‍ ബെവ്‌കോ എംഡി, എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ നേരിട്ട് ഹാജരായപ്പോഴാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 

മദ്യം വാങ്ങാന്‍ എത്തുന്നവരുടെ വ്യക്തിത്വം പരിഗണിക്കണമെന്നും, മറ്റു കടകള്‍ക്ക് അസൗകര്യം ഉണ്ടാകാത്ത തരത്തില്‍ സൗകര്യം ഒരുക്കണമെന്നും വ്യക്തമാക്കി നാലുവര്‍ഷം മുമ്പ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് ഇതുവരെ നടപ്പാക്കിയില്ല എന്നു കാണിച്ചാണ് മറ്റൊരു കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. അതു പരിഗണിക്കുമ്പോഴാണ്, കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ബെവ്‌കോയെ അതിരൂക്ഷമായി വിമര്‍ശിച്ചത്. 

കോടതി ബെവ്‌കോയുടെ മുന്നില്‍ വരുന്നവരുടെ ആരോഗ്യത്തിലാണ് ശ്രദ്ധ ചെലുത്തുന്നത്. അല്ലാതെ ബെവ്‌കോയുടെ നിസഹായാവസ്ഥയില്ല. കോവിഡ് നിരക്കിന്റെ മൂന്നിലൊന്നും കേരളത്തിലാണ്. പക്ഷെ എന്താണ് ബെവ്‌കോയ്ക്ക് മുന്നില്‍ നടക്കുന്നത് ?. കല്യാണത്തിന് 10 പേര്‍, മരണത്തിന് 20 പേര്‍, ബെവ്‌കോയ്ക്ക് മുന്നില്‍ 500 ആകാം, ഒരു പരിധിയുമില്ല എന്ന് കോടതി വിമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com