ഇനിയും വേണോ ദലിത് കോളനികള്‍? കെ രാധാകൃഷ്ണന്‍ സംസാരിക്കുന്നു

റോഡും വെള്ളവും വെളിച്ചവുമില്ലാത്ത കാടിനുള്ളില്‍ കഴിയുന്നവരെല്ലാം അവിടെത്തന്നെ കഴിഞ്ഞോട്ടെ എന്ന സങ്കല്‍പ്പം മാറ്റിയെടുക്കണം
കെ രാധാകൃഷ്ണന്‍/ബിപി ദീപു
കെ രാധാകൃഷ്ണന്‍/ബിപി ദീപു

കൊച്ചി: പുതിയ ദലിത് കോളനികള്‍ വേണോ എന്നു സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും കോളനി സംസ്‌കാരത്തിനുതന്നെ വ്യക്തിപരമായി താന്‍ എതിരാണെന്നും പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍. കോളനികള്‍ക്കുപകരം പട്ടിക വര്‍ഗക്കാരുടെ കുട്ടികള്‍ മറ്റുള്ളവര്‍ക്കൊപ്പം ജീവിച്ചു വളരട്ടെയെന്ന് സമകാലിക മലായളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

അഭിമുഖത്തില്‍നിന്ന്: 

'കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ പണിക്കു പോവുകയാണ് നിരവധി കുട്ടികള്‍; പ്രത്യേകിച്ചും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പോയപ്പോള്‍ അതു നേരിട്ടു കണ്ടു. പണിക്കുപോയി കുറച്ചുപണം കിട്ടുന്നതോടെ വിദ്യാഭ്യാസത്തോട് താല്‍പ്പര്യം കുറയും. തിരികെ സ്‌കൂളിലേക്കു പോകാതായേക്കും എന്ന ആശങ്കയുണ്ട്. അതോടൊപ്പം അവര്‍ കണ്ടുപഠിക്കുന്നത് തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലെ ആളുകളുടെ രീതികളാണ്. അവര്‍ സ്വീകരിക്കുന്ന മോഡലുകള്‍ ഏതാണ്? പണിയുടെ ഇടവേളയിലെയും പണിക്കു ശേഷവുമുള്ള പുകവലിയും മറ്റു ചില കാര്യങ്ങളുമൊക്കെയാണ്. തനിക്കും അതുപോലെയാകണം എന്നാണ് അവര്‍ ആഗ്രഹിക്കുക. അങ്ങനെയല്ലാതാകുന്ന കുട്ടികള്‍ വിദ്യാഭ്യാസത്തിലും ജീവിതത്തിലും ഉയര്‍ന്നുപോയ അനുഭവങ്ങളുണ്ട്. അതുകൊണ്ട്, വിദ്യാഭ്യാസത്തിനു നിര്‍ബന്ധിച്ച് അയയ്ക്കുന്നതിനൊപ്പംതന്നെ അവര്‍ വളരുന്ന സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി കൊടുക്കാനും കഴിയണം. കോളനികള്‍ക്കുപകരം അവര്‍ മറ്റുള്ളവര്‍ക്കൊപ്പം ജീവിച്ചു വളരട്ടെ. അതിന്റെ ഗുണം അവര്‍ക്കുണ്ടാകും. എല്ലാം അങ്ങനെയാകണം എന്നല്ല. ഇടമലക്കുടിയില്‍ മാത്രമാണ് ഈ കോവിഡ് കാലത്ത് ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചത് എന്നതും അഭിമാനകരമാണ്. ഒരാള്‍ക്കുപോലും കോവിഡ് ബാധിക്കാത്ത പഞ്ചായത്താണ് അത്. പക്ഷേ, ഭൂരിപക്ഷവും അങ്ങനെയല്ല. റോഡും വെള്ളവും വെളിച്ചവുമില്ലാത്ത കാടിനുള്ളില്‍ കഴിയുന്നവരെല്ലാം അവിടെത്തന്നെ കഴിഞ്ഞോട്ടെ എന്ന സങ്കല്‍പ്പം മാറ്റിയെടുക്കണം. അതിനു വേണ്ടിയുള്ള പുനരധിവാസ പദ്ധതി ആലോചിക്കുകയാണ്. കോളനി സംവിധാനത്തില്‍ കുറേയൊക്കെ മാറ്റം വന്നാല്‍ അവരുടെ ജീവിതത്തിലും മാറ്റങ്ങള്‍ വരും.''

''വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എന്തു നേട്ടമുണ്ടായി എന്ന ഒരു പരിശോധന നടത്തേണ്ടതാണ്. അതോടൊപ്പം തന്നെ ഒരു മോണിട്ടറിംഗ് സംവിധാനം മെച്ചപ്പെടുത്തണം. ചെലവേറിയതായി മാറാത്ത വിധമുള്ള ഒരു സോഷ്യല്‍ ഓഡിറ്റും അത്യാവശ്യമാണ്. സോഷ്യല്‍ ഓഡിറ്റ് ഫലത്തില്‍ ഒരു സാമൂഹിക മൂലധനമായി മാറും. സമൂഹത്തിന്റെ നിരീക്ഷണംകൂടിയാണല്ലോ. പക്ഷേ, കേവലം പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രം സോഷ്യല്‍ ഓഡിറ്റു ചെയ്താല്‍ ശരിയാകുമെന്നു തോന്നുന്നില്ല. അവരും വേണം. ചെലവഴിക്കുന്ന പണം പ്രയോജനം ചെയ്‌തോ? ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാതെ പോയത്? തുടങ്ങിയതൊക്കെ പരിശോധനാ വിധേയമാക്കണം. പദ്ധതികളുടെ പ്രത്യേകതകളുണ്ട്. ഓരോ വകുപ്പും അവര്‍ക്കു ലഭിക്കുന്ന ഫണ്ടിന്റെ പത്ത് ശതമാനം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുക എന്നതായിരുന്നു 1996 വരെയുണ്ടായിരുന്ന രീതി. അതിന്റേതായി കുറവുകള്‍ ഉണ്ടായിട്ടുണ്ട്. '96-നുശേഷമാണ് ഈ ഫണ്ടെല്ലാം ഒന്നിച്ചാക്കുന്നത്. എന്നിട്ട് ആവശ്യമുള്ള വിഭാഗങ്ങളിലേക്കു കൊടുക്കുന്ന രീതി നടപ്പാക്കി. അങ്ങനെയാണ് വികേന്ദ്രീകരണം വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വലിയ ഫണ്ട് കിട്ടിയത്. അതില്‍ നടപ്പാക്കിയ പദ്ധതികള്‍ എത്രകണ്ട് പ്രയോജനപ്രദമായി എന്ന സോഷ്യല്‍ ഓഡിറ്റു നടക്കണം. ഓരോ വര്‍ഷവും അനുവദിച്ച തുക, അതിന്റെ വിനിയോഗം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവ പരിശോധനാ വിധേയമാക്കണം. വിനിയോഗവും നേട്ടവും കൃത്യമായി വിലയിരുത്തിയേ പറ്റുകയുള്ളൂ. പലപ്പോഴും ശരിയായ വിധമല്ല ഫണ്ട് വിനിയോഗിച്ചത്. ഏതെങ്കിലുമൊക്കെ ഏജന്‍സികളെ ഓരോ പദ്ധതിയും ഏല്‍പ്പിച്ചു. അവര്‍ക്ക് അവരുടെ കമ്മിഷന്‍ ലഭിക്കണമെന്നല്ലാതെ, ഏറ്റെടുത്ത പണി പൂര്‍ത്തീകരിക്കുന്നതില്‍ ആത്മാര്‍ത്ഥയുണ്ടായില്ല. മിക്കവാറും കോളനികളില്‍ അതിനു തെളിവുകളുണ്ട്. പുതിയ ദളിത് കോളനികള്‍ വേണോ എന്ന് ഈ സര്‍ക്കാര്‍ ആലോചിക്കുകയാണ്. കോളനി സംസ്‌കാരത്തിനുതന്നെ വ്യക്തിപരമായി ഞാന്‍ എതിരാണ്.''

കെ രാധാകൃഷ്ണനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ മലയാളം വാരികയില്‍ ആദിവാസികളെയും ദലിതരെയും ഒഴിവാക്കി എങ്ങനെ കേരള മോഡല്‍ സമ്പൂര്‍ണമാവും?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com