ലാപ്‌ടോപ്പിലെ അതീവരഹസ്യ വിവരങ്ങള്‍ പുറത്തായി ; വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ മൊഴി 

ഇലക്ഷന്‍ കമ്മീഷനിലെ ലാപ്‌ടോപും കമ്പ്യൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇലക്ഷന്‍ കമ്മീഷന്‍ രഹസ്യമായി സൂക്ഷിക്കുന്ന തരം വിവരങ്ങളാണ് പ്രചരിച്ചത്. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കി. 

കമ്മീഷന്റെ ലാപ്‌ടോപ്പില്‍ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് പുറത്തുപോയത്. രഹസ്യവിവരങ്ങള്‍ ഒഴിവാക്കി വോട്ടര്‍പട്ടികയിലെ പേരുവിവരങ്ങള്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അതാണ് ചോര്‍ന്നതെന്ന വാദം ശരിയല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഇതേത്തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷനിലെ ലാപ്‌ടോപും കമ്പ്യൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്. 

ഇരട്ടവോട്ട് വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ കമ്മീഷന്‍ കണ്ടെത്തിയ ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ, വോട്ടര്‍  പട്ടിക ചോര്‍ന്നതായി ചൂണ്ടിക്കാട്ടി ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡിജിപിക്ക് പരാതി നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിൽ ക്രൈം ബ്രാഞ്ച് ജൂലൈ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കമ്മീഷൻ ഓഫീസിൽ നിന്നും രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി. അതേസമയം താൻ വിവരങ്ങൾ എടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് സൈറ്റിൽ നിന്നാണെന്നും വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയാണ് കമ്മീഷൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com