വൈഗയെ കൊന്നത് ബാധ്യതയാകുമെന്ന് കണ്ട്, നാടുവിട്ട് വേഷം മാറി ജീവിക്കാന്‍ പദ്ധതിയിട്ടു; സനുമോഹനെതിരെ കൊലക്കുറ്റം, കുറ്റപത്രം നല്‍കി

13 വയസുള്ള വൈഗയെ അച്ഛന്‍ സനു മോഹന്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
വൈഗ , സനുമോഹന്‍
വൈഗ , സനുമോഹന്‍

കൊച്ചി:  13 വയസുള്ള വൈഗയെ അച്ഛന്‍ സനു മോഹന്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മകള്‍ ബാധ്യതയാകുമെന്ന് കണ്ട് സനുമോഹന്‍ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 236 പേജുള്ള കുറ്റപത്രത്തില്‍ കേസില്‍ 97 സാക്ഷികളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തെ ഞെട്ടിച്ച വൈഗ കൊലപാതകത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് വൈഗ എന്ന 13കാരിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടക്കം മുതല്‍ തന്നെ കാണാതായ അച്ഛനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയില്‍ നിന്നാണ് സനുമോഹനെ പൊലീസ് പിടികൂടിയത്. കുട്ടിയെ കൊന്ന് രക്ഷപ്പെടാനായിരുന്നു സനുമോഹന്റെ ശ്രമമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

കുട്ടി ബാധ്യതയാകുമെന്ന് കണ്ടാണ് സനുമോഹന്‍ കൊലപ്പെടുത്തിയത്. കുട്ടിയെ കൊന്നശേഷം മറ്റൊരു നാട്ടില്‍ വേറൊരു ആളായി ജീവിക്കാനാണ് സനുമോഹന്‍ പദ്ധതിയിട്ടിരുന്നത്. സംഭവത്തിന് തൊട്ടുമുന്‍പ് ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരില്‍ വച്ച് കുട്ടിക്ക് ഭക്ഷണം വാങ്ങി നല്‍കി.ഇതില്‍ ലഹരിവസ്തു കലര്‍ത്തി കുട്ടിയെ ബോധം കെടുത്താന്‍ ശ്രമിച്ചു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് ഫ്‌ലാറ്റില്‍ എത്തിയ ശേഷം പെണ്‍കുട്ടിയുടെ മുഖത്ത് തുണിയിട്ട ശേഷം ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് മകളുടെ ബോധം പോയി. മകള്‍ മരിച്ചു എന്ന് കരുതിയാണ് പെരിയാറില്‍ കൊണ്ടുപോയി എറിഞ്ഞതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കുട്ടി മരിച്ചെന്ന് കരുതി സനുമോഹന്‍ വൈഗയെ പെരിയാറില്‍ എറിയുകയായിരുന്നു. എന്നാല്‍ കുട്ടി മരിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് മരിച്ചതെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം, ലഹരിവസ്തു നല്‍കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com