തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം; 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കിറ്റെക്‌സ്

കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക
സാബു ജേക്കബ് മന്ത്രി രാമറാവുവിനൊപ്പം / ട്വിറ്റര്‍ ചിത്രം
സാബു ജേക്കബ് മന്ത്രി രാമറാവുവിനൊപ്പം / ട്വിറ്റര്‍ ചിത്രം

ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്‌സ് പ്രഖ്യാപിച്ചു. കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ച വിജയകരമെന്നും ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്‌സ് തെലങ്കാനയില്‍ രംഗപ്രവേശനം ചെയ്യുമെന്നും മന്ത്രി രാമറാവു ട്വിറ്ററിലൂടെ അറിയിച്ചു. 

ഹൈദരാബാദില്‍ നിന്നും 150 കിമീ അകലെയുള്ള വാറങ്കല്‍ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനാകുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചു. 

ഇന്നു രാവിലെയും തെലങ്കാന സര്‍ക്കാര്‍ പ്രതിനിധികളുമായി കിറ്റക്‌സ് സംഘം ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം ഹൈദരാബാദില്‍ നിന്നും സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്ന് കേരളത്തിലേക്ക് മടങ്ങും. 

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്‌സിന് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com