സംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം: ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യു ഇന്‍സ്‌പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്
മന്ത്രി എം വി ഗോവിന്ദന്‍/ഫയല്‍
മന്ത്രി എം വി ഗോവിന്ദന്‍/ഫയല്‍

തിരുവനന്തപുരം : യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാന്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദേശം. ബേക്കറി യൂണിറ്റ് ആരംഭിക്കാന്‍ വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനാണ് നഗരകാര്യ ഡയറക്ടറോട് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചത്. 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യു ഇന്‍സ്‌പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. ബേക്കറി യൂണിറ്റിന് വേണ്ട കെട്ടിടത്തിന്റെ തരം മാറ്റാന്‍ അപേക്ഷ നല്‍കിയ സംരംഭകനാണ് ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവം ഉണ്ടായത്. അപേക്ഷ നല്‍കിയ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ രാമനാട്ടുകര നഗരസഭയില്‍ സൂപ്രണ്ടായി ജോലി നോക്കുകയാണ്. തല്‍സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

സംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപണ വിധേയരായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സംരംഭത്തിന് ലൈസന്‍സ് നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി അടിയന്തിരമായി നടപടി സ്വീകരിക്കാനും നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അഴിമതിമുക്ത വികസിത കേരളമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com