നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്; പരാതികള്‍ വന്നാല്‍ പരിശോധനയുണ്ടാകും, കേരളത്തെ അപമാനിക്കാന്‍ ശ്രമം: കിറ്റെക്‌സിന് മുഖ്യമന്ത്രിയുടെ മറുപടി 

കിറ്റെക്‌സ് ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
PINARAYI-SABU
PINARAYI-SABU

തിരുവനന്തപുരം: കിറ്റെക്‌സ് ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതികള്‍ വന്നാല്‍ സ്വഭാവികമായി പരിശോധനയുണ്ടാവും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ട കാര്യമില്ല. ആരെയും വേട്ടയാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. അത് കേരളത്തില്‍ വ്യവസായം നടത്തുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


മുഖ്യമന്ത്രിയുടെ വാക്കുകള്‍: 

സംസ്ഥാനത്ത് വസ്തുതകള്‍ക്ക് നിരക്കാത്ത ഒരുപാട് വാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം കേരളം നിക്ഷേപത്തിന് അനുകൂലമല്ല എന്നാണ്. ഇത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമായിരുന്നു. എന്നാല്‍ അത് പൂര്‍ണമായി നാട് നിരാകരിച്ചു. ഇപ്പോള്‍ നാടിനെ കുറിച്ച് അറിയുന്ന വ്യവസായികള്‍ എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കാണുന്നത്. ഇപ്പോള്‍ ഉയര്‍ന്നത് കേരളത്തിന് എതിരായ വാദമായിട്ടേ കണക്കാക്കാന്‍ പറ്റു. കേരളത്തെ അപമാനിക്കുന്ന ആസൂത്രിത നീക്കമായിട്ടേ കാണാന്‍ പറ്റു.

ദേശീയ തലത്തില്‍ തന്നെ മികച്ച നിക്ഷേപ സൗദൃദ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ അവസ്ഥയെന്താണ്? നീതി ആയോഗ് പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. സൂചികയിലെ പ്രധാന പരിഗണന വിഷയം വ്യവസായ വികസനമാണ്. ആ വ്യവസായ വികസനമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചത്. മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങളില്‍ കേരളം നാലാം സ്ഥാനത്താണ്. ഇതൊന്നും ആര്‍ക്കും മറച്ചുവയ്ക്കാന്‍ സാധിക്കില്ല. 

നിക്ഷേപത്തിനുള്ള ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കെ-സ്വിഫ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ഉണ്ടാക്കി. 30 ഓളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത സൗകര്യമൊരുക്കി. 30 ദിവസത്തിനുള്ളില്‍ അനുമതി കിട്ടിയില്ലെങ്കില്‍ കല്‍പ്പിത അനുമതിയായി കണക്കാക്കും.

ഒരു സാക്ഷ്യപത്രം കൊടുത്ത് ഇന്ന് കേരളത്തില്‍ ഒരു വ്യവസായം തുടങ്ങാം. മൂന്ന് വര്‍ഷം കഴിഞ്ഞ് ആറ് മാസത്തിനകം ലൈസന്‍സ് നേടിയാല്‍ മതി. ഇത്തരമൊരു സ്ഥിതി നിലവിലുള്ള സംസ്ഥാനമാണ് കേരളം. 700946 ചെറുകിട സംരംഭങ്ങള്‍ കേരളത്തില്‍ 2016 ന് ശേഷം തുടങ്ങി. ആറായിരം കോടിയുടെ നിക്ഷേപമെത്തി.

നൂറ് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചക്കകം അംഗീകാരം നല്‍കും. എംഎസ്എംഇ വ്യവസായം ആരംഭിക്കുന്നതിന് നടപടി വേഗത്തിലാക്കാന്‍ നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ തുടങ്ങി. സംരംഭങ്ങള്‍ക്ക് സംശയം തീര്‍ക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍, ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയുണ്ട്. 

ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാനുള്ള നീക്കമായേ എല്ലാവരും കാണുകയുള്ളൂ. 

നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതികള്‍ വന്നാല്‍ സ്വഭാവികമായി പരിശോധനയുണ്ടാവും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ട കാര്യമില്ല. ആരെയും വേട്ടയാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. അത് കേരളത്തില്‍ വ്യവസായം നടത്തുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com