'സിക'യില്‍ ആശ്വാസം ; പരിശോധനയ്ക്ക് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവ് ; കേന്ദ്രസംഘം ഇന്നെത്തും

സ്ഥിതി നേരിട്ട് വിലയിരുത്താനെത്തുന്ന കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സിക വൈറസ് ബാധയില്‍ സംസ്ഥാനത്തിന് ആശ്വാസം. ഇന്നലെ പരിശോധനയ്ക്ക് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഫലമാണ് ലഭിച്ചത്. കൂടുതല്‍ സാംപിളുകളുടെ ഫലം വരാനുണ്ട്. തിരുവനന്തപുരത്ത് ഇതുവരെ 14 സിക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. കേരളത്തില്‍ 14 പേര്‍ക്ക് സിക സ്ഥിരീകരിച്ചതിനെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. സ്ഥിതി നേരിട്ട് വിലയിരുത്താനെത്തുന്ന കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും.  

ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. അതിനിടെ സംസ്ഥാനത്ത് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലാഭരണകൂടവും സിക പ്രതിരോധത്തിന് കര്‍മ്മപദ്ധതി രൂപീകരിച്ചു. 

ജില്ലയിലെ ലാബുകളോട് സിക സംശയമുള്ള കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. സിക വൈറസ്  ഗര്‍ഭിണികളെ ഗുരുതരമായി ബാധിക്കും. അതിനാൽ ഗര്‍ഭിണികള്‍ ആദ്യ നാല് മാസത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com