തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയാ സംഘം ജെസിബി ഉപയോഗിച്ച് വീടാക്രമിച്ചു, ചുറ്റുമതില്‍ തകര്‍ത്തു; അക്രമികളെ പിടികൂടി നാട്ടുകാര്‍ 

വിഴിഞ്ഞം കോളിയൂരില്‍ ബ്ലേഡ് മാഫിയാ സംഘം ജെസിബി ഉപയോഗിച്ച് വീട് ആക്രമിച്ചതായി പരാതി
മിനി താമസിക്കുന്ന വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത നിലയില്‍
മിനി താമസിക്കുന്ന വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത നിലയില്‍

തിരുവനന്തപുരം: വിഴിഞ്ഞം കോളിയൂരില്‍ ബ്ലേഡ് മാഫിയാ സംഘം ജെസിബി ഉപയോഗിച്ച് വീട് ആക്രമിച്ചതായി പരാതി. അക്രമികള്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്തു. നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ പിടികൂടി. അതേസമയം, ഈ വീടും സ്ഥലവും തന്റെ പേരിലാണെന്നും അതിനെ തുടര്‍ന്നാണ് വീട് പൊളിക്കാനെത്തിയതെന്നും പലിശയ്ക്ക് പണം നല്‍കിയയാള്‍ പറഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.

കോളിയൂര്‍ ജംഗ്ഷനു സമീപം താമസിക്കുന്ന മിനിയുടെ വീടാണ് ഇന്ന് രാവിലെ ഏഴരയോടെ ആക്രമിക്കപ്പെട്ടത്. 21 വര്‍ഷം മുന്‍പ് മിനി സഹോദരന്റെ ആവശ്യത്തിനായി ഒന്നര ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നു. 60,000 രൂപ തിരികെ അടച്ചിരുന്നു. 

ബാക്കി തുകയും പലിശയുമടക്കം 91,000 രൂപ മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് കേസ് കോടതിയിലെത്തി. അതിനെ തുടര്‍ന്ന് മിനിയും പ്രായപൂര്‍ത്തിയായ മകളും വീടിന് സമീപമുള്ള ഷെഡ്ഡിലേക്ക് താമസം മാറി. ഷെഡ്ഡിലെ താമസം സുരക്ഷിതമല്ലാത്തതിനാല്‍ മകള്‍ മിനിയുടെ അനിയത്തിയുടെ വീട്ടിലാണ് കഴിഞ്ഞുവരുന്നത്.

ഇതിനിടെയാണ് ഇന്ന് രാവിലെ ബ്ലേഡ് മാഫിയാ സംഘം എത്തി വീട് ആക്രമിച്ച് മതില്‍ തകര്‍ത്തത്. നാട്ടുകാര്‍ ഇടപെട്ട് ഇത് തടയുകയും വിഴിഞ്ഞം പൊലീസ് എത്തി പ്രതികളെയും ഇവരുടെ വാഹനവും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വീട്ടമ്മ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com