രേഷ്മയുടെ മെസഞ്ചറില്‍ മറ്റൊരു അനന്തുവും, ചാറ്റ് ചെയ്തത് ബിലാലായി; ക്വട്ടേഷന്‍ കേസില്‍ ജയിലില്‍ 

ബിലാല്‍ എന്ന പേരില്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന ക്വട്ടേഷന്‍ സംഘാംഗമായ ഇയാള്‍ ഇപ്പോള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്
രേഷ്മ / ഫയല്‍
രേഷ്മ / ഫയല്‍

ചാത്തന്നൂര്‍: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ റിമാന്‍ഡിലുള്ള രേഷ്മയ്ക്ക് നെടുങ്ങോലം സ്വദേശിയായ അനന്തുപ്രസാദുമായും സൗഹൃദമുണ്ടായിരുന്നതായി പൊലീസ്. ബിലാല്‍ എന്ന പേരില്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന ക്വട്ടേഷന്‍ സംഘാംഗമായ ഇയാള്‍ ഇപ്പോള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. 

അട്ടക്കുളങ്ങര വനിതാ ജയിലില്‍ വെച്ചുള്ള ചോദ്യം ചെയ്യലിന് ഇടയിലാണ് അനന്ദുപ്രസാദിന്റെ ചിത്രം കാണിച്ചപ്പോള്‍ ഇത് ബിലാലാണെന്ന് രേഷ്മ പറഞ്ഞത്. കഴിഞ്ഞ നാല് മാസമായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി രേഷ്മ ഇയാളുമായി ചാറ്റ് ചെയ്തിരുന്നു. 

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലാവുന്നതിന് ഒരുമാസം മുന്‍പ് വരെ ഇയാള്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. ബന്ധുക്കളായ ഗ്രീഷ്മയും ആര്യയും അനന്തു എന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിനൊപ്പം രേഷ്മ അനന്ദു പ്രസാദുമായും ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. 

വര്‍ക്കല സ്വദേശിയായ അനന്തു പ്രസാദുമായി അടുപ്പമുള്ള മറ്റൊരു യുവതിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ബിലാല്‍ എന്ന അനന്തുപ്രസാദുമായി സൗഹൃദം മാത്രമാണുണ്ടായത് എന്നാണ് രേഷ്മയുടെ മൊഴി. രേഷ്മ അറസ്റ്റിലാവുന്നതിന് തൊട്ടുമുന്‍പാണ് അനന്തു പ്രസാദ് അറസ്റ്റിലാവുന്നത്. ഭര്‍തൃമതിയായ യുവതിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കാമുകനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഘത്തിലെ അംഗമായിരുന്നു ഇയാള്‍. 

ആര്യ, ഗ്രീഷ്മ എന്നിവരുടെ മെസഞ്ചര്‍ ചാറ്റിന്റെ വിവരങ്ങള്‍ രണ്ട് ആഴ്ചക്കുള്ളില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ലഭിക്കും. ചാറ്റുകളുടെ സ്വഭാവം, ദൈര്‍ഘ്യം, ഉള്ളടക്കം എന്നിവ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com