കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയം ; ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതെന്ന് ഐഎംഎ

വ്യാപാര സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍. നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടത്തിന് കാരണമാകുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണെന്ന്‌ ഐഎംഎ കുറ്റപ്പെടുത്തി. 

ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇത് ആള്‍ക്കൂട്ടത്തിന് ഇടയാക്കുന്നു. വ്യാപാര സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. 

കുറച്ചു സമയം മാത്രം കടകള്‍ തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥ ഉണ്ടാകും. ഇത്  രോഗവ്യാപനം കൂട്ടുന്ന പ്രക്രിയ ആയി മാറുന്നു. ലോക്ക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ എന്നും ഐഎംഎ പറയുന്നു. 

ടെസ്റ്റിംഗിന്റെ കാര്യത്തിലും കാര്യമായ മാറ്റം വേണമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയിലല്ല. കോണ്‍ടാക്ട് ട്രേസിംഗ് ടെസ്റ്റിംഗ് ആണ് ആവശ്യമായിട്ടുള്ളത്. ഹോം ഐസലേഷന്‍ പരാജയമാണ്. പോസിറ്റീവ് ആയ ഒരാള്‍ വീട്ടില്‍ ഐസോലേഷനില്‍ ഇരിക്കുമ്പോള്‍, ഫലത്തില്‍ ആ വീട്ടിലുള്ള എല്ലാവരും രോഗബാധിതരാകുന്ന അവസ്ഥ ഉണ്ടാകുന്നു. വീടുകള്‍ ക്ലസ്റ്ററുകളായി മാറുകയാണ് ഫലത്തില്‍ ചെയ്യുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. 

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാര്‍പ്പിച്ചാല്‍ മാത്രമേ വീടുകളിലെ ക്ലസ്റ്റര്‍ ഫോര്‍മേഷനും രൂക്ഷ വ്യാപനവും തടയാന്‍ സാധിക്കുകയുള്ളൂ. പോസിറ്റീവ് ആയവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിനേഷന്‍ നാലിരട്ടിയെങ്കിലും വര്‍ധിപ്പിച്ചാല്‍ മാത്രമേ കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ഫലം ഉണ്ടാകൂ എന്നും ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com