' ഒരു നിമിഷം മാറിയാല്‍ അവര്‍ വന്ന് ഈ വീടു പൂട്ടും, പിന്നെ ഞാന്‍ എങ്ങോട്ടുപോവും?'

മറ്റൊരു കല്യാണം കഴിക്കാന്‍ ഭര്‍ത്താവ് തലാഖ് ചൊല്ലിയതോടെ 34കാരി ദുരിതത്തില്‍
ഫരീദ
ഫരീദ

കോഴിക്കോട്:  മറ്റൊരു കല്യാണം കഴിക്കാന്‍ ഭര്‍ത്താവ് തലാഖ് ചൊല്ലിയതോടെ 34കാരി ദുരിതത്തില്‍. എയ്ഡഡ് സ്‌കൂളിലെ ജോലി നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതിനെ തുടര്‍ന്ന് വരുമാനമില്ലാതെ കോഴിക്കോട് നാദാപുരം മുത്തുവടത്തൂറില്‍ പണിതീരാത്ത വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയാണ് 34കാരിയായ ഫരീദ. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്ത ഫരീദ, കുട്ടികളെ വിട്ട് കിട്ടാനും ജീവനാംശം ലഭിക്കാനും ഇടപെടണമെന്ന് കുടുംബകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഫരീദയുടെ ദുരിതം കണ്ട നാട്ടുകാര്‍ കര്‍മ്മ സമിതിക്ക് രൂപം നല്‍കി. 

സഹപ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്ന സമയത്താണ് ജോലി നഷ്ടപ്പെട്ട് ജീവിതം തന്നെ ചോദ്യം ചിഹ്നമായി ഫരീദ നില്‍ക്കുന്നത്. എയ്ഡഡ് സ്‌കൂളിലെ അറബിക് ടീച്ചര്‍ ജോലിയാണ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഉപേക്ഷിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് ഒരുമിനിറ്റ് മാറിനിന്നാല്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വീട് കൈവശപ്പെടുത്തുമെന്ന ഭീതിയില്‍ പുറത്തിറങ്ങാതെ കഴിയുകയാണെന്ന് ഫരീദ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കുടുംബത്തിന്റെ ക്ഷേമത്തിനായി സ്വര്‍ണം വിറ്റതായും ഫരീദ പറയുന്നു. തുടര്‍ച്ചയായി മൂന്ന് മാസങ്ങളിലായാണ് തലാഖ് ചൊല്ലിയത്. രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴിയാണ് ഭര്‍ത്താവ് അബ്ദുള്ള തലാഖ് ചൊല്ലിയതെന്ന് ഫരീദ പറയുന്നു. വേര്‍പിരിഞ്ഞ സമയത്ത് നാലുകുട്ടികളെ കൂടെ കൊണ്ടുപോയതായും ഫരീദ പറയുന്നു. നിലവില്‍ വരുമാനം ഒന്നും ഇല്ലാതെ നിര്‍മ്മാണത്തിലിരിക്കുന്ന ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുകയാണ് ഫരീദ. ഫരീദയുടെ ദുരിതം കണ്ടാണ് നാട്ടുകാര്‍ കര്‍മ്മ സമിതിക്ക് രൂപം നല്‍കിയത്. 

2003ലാണ് കല്യാണം നടന്നത്. അബ്ദുള്ള എന്‍ആര്‍ഐ ബിസിനസുകാരനാണ്. ഭര്‍ത്താവിന്റെ കുടുംബക്കാര്‍ തുടക്കം മുതല്‍ തന്നെ മോശമായാണ് പെരുമാറിയതെന്ന് ഫരീദ പറയുന്നു. തന്റെ കുടുംബക്കാര്‍ സ്ത്രീധനമായി 60 പവന്‍ സ്വര്‍ണമാണ് നല്‍കിയത്. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് വീണ്ടും 17. 5 പവന്‍ സ്വര്‍ണം കൂടി നല്‍കിയതായി ഫരീദ പറയുന്നു.

2015ലാണ് എയ്ഡഡ് സ്‌കൂളില്‍ സ്ഥിരമായത്. സ്വര്‍ണം വിറ്റാണ് ജോലി ലഭിക്കുന്നതായി പണം കണ്ടെത്തിയത്. ലീവ് വേക്കന്‍സിയിലാണ് ആദ്യം പ്രവേശിച്ചത്. തുടര്‍ന്നാണ് സ്ഥിരമാക്കിയത്. എന്നാല്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ജോലി രാജിവെപ്പിച്ചതായി ഫരീദ പറയുന്നു. ശമ്പള കുടിശ്ശികയായി ലഭിച്ച ഒരു ലക്ഷം രൂപ ഭര്‍ത്താവിന് നല്‍കിയതായും ഫരീദ പറയുന്നു. നിലവില്‍ ജോലിയും സ്വര്‍ണവും നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും ഫരീദ പറയുന്നു. കുടുംബവും കുട്ടികളെയും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഫരീദ.

ഭര്‍ത്താവ് സ്ഥിരമായി തല്ലാറുണ്ടെന്നും ഫരീദ പറയുന്നു. മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കുന്നതിന് വിവാഹമോചനവും ആവശ്യപ്പെട്ടു. വില കൂടിയ കളിപ്പാട്ടങ്ങളും ഭക്ഷണവും വാങ്ങി നല്‍കിയാണ് കുട്ടികളെ ഭര്‍ത്താവ് വശത്താക്കിയത്. തന്നെ കുറിച്ച് നുണകഥകള്‍ പറഞ്ഞ് കൊടുത്ത് കുട്ടികളെ തന്നില്‍ നിന്ന് അകറ്റിയതായും ഫരീദ പറയുന്നു. ജനുവരിയിലാണ് കുട്ടികള്‍ക്കൊപ്പം ഭര്‍ത്താവ് താനുമായി വേര്‍പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയത്. മുത്തലാഖ് നിയമം മറികടക്കാന്‍ വേണ്ടിയാണ് രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴി തലാഖ് ചൊല്ലിയതെന്നും ഫരീദ പറയുന്നു. വീട്ടില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫരീദ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com