'ഞാനൊരു സ്ത്രീയാണ്, കന്യാസ്ത്രീയാണ്, എന്നെ തെരുവിലേക്ക് വലിച്ചെറിയരുത്, പോകാന്‍ മറ്റിടങ്ങളില്ല'; കോടതിയില്‍ വിതുമ്പി സിസ്റ്റര്‍ ലൂസി, കേസ് വാദിച്ചത് ഒറ്റയ്ക്ക്

കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയതിന് എതിരെ ഹൈക്കോടതിയില്‍ സ്വയം വാദിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയതിന് എതിരെ ഹൈക്കോടതിയില്‍ സ്വയം വാദിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കാനായി കോടതിയില്‍ എത്തുന്നത്. അഭിഭാഷകരാരും വക്കാലത്ത് ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര കേസ് ഒറ്റയ്ക്ക് വാദിക്കാന്‍ തീരൂമാനിച്ചത്.39 വര്‍ഷമായി തുടരുന്ന തന്റെ സന്ന്യാസം തുടരാന്‍ അനുവദിക്കണമെന്നും തെരുവിലേക്ക് വലിച്ചിഴയ്ക്കെരുതെന്നും ആവശ്യപ്പെട്ട് ലൂസി കളപ്പുരയ്ക്കല്‍ കോടതി മുറിയില്‍ വിതുമ്പി.  

എന്നാല്‍, സന്ന്യാസം തുടരാമെന്നും പക്ഷേ കോണ്‍വെന്റില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിക്കാനാവില്ലെന്നുമുള്ള നിലപാട് ജസ്റ്റിസ് രാജ വിജയരാഘവന്‍ ആവര്‍ത്തിക്കുകയായിരുന്നു. കോണ്‍വെന്റില്‍ നിന്ന് പുറത്തേക്ക് വന്ന് എവിടെ താമസിച്ചാലും സംരക്ഷണം നല്‍കാമെന്നും കോടതി വ്യക്തമാക്കി. കേസ് വിധിപറയാന്‍ മാറ്റിവെച്ചു.

'ഞാന്‍ ആദ്യമായാണ് കോടതിക്ക് മുന്നില്‍ വാദിക്കാന്‍ എത്തുന്നത്. ഒരുവര്‍ഷം മുന്‍പാണ് പൊലീസ് സംരക്ഷണത്തിന് ആവശ്യപ്പെട്ടത്. 
കോണ്‍വെന്റില്‍ നിന്ന് എന്നെ പുറത്താക്കാനുള്ള നടപടികള്‍ നിലവില്‍ നടക്കുന്നുണ്ട്. ഇത് അന്യായമായതിനാലാണ് ഞാന്‍ എതിര്‍ക്കുന്നത്'-ലൂസി കോടതിയില്‍ പറഞ്ഞു. 

'ഞാനൊരു സ്ത്രീയാണ്. നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീയാണ്. ഈ കോണ്‍വെന്റില്‍ തുടരുന്നത് എന്റെ സന്ന്യാസ ജീവിതത്തില്‍ പ്രധാനമാണ്. 39 വര്‍ഷമായി ഞാന്‍ സന്ന്യാസ ജീവിതം തുടരുകയാണ്. എന്നെ തെരിവിലേക്ക് വലിച്ചെറിയരുത്. എനിക്ക് പോകാന്‍ മറ്റിടങ്ങളില്ല'- സിസ്റ്റര്‍ ലൂസി കോടതിയില്‍ പറഞ്ഞു. 

മാനന്തവാടി കോടതിയില്‍ താന്‍ ഹര്‍ജി കൊടുത്തിട്ടുണ്ട്. ഇതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിയ്ക്കണമെന്നും തനിയ്‌ക്കെതിരെയുണ്ടാകുന്ന ആക്ഷേപങ്ങളും അതിക്രമങ്ങളും തടയുന്നതിന് വേണ്ടി സംരക്ഷണവും ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു ലൂസി കളപ്പുരയ്ക്കലിന്റെ ഹര്‍ജി. 

എന്നാല്‍ സിസ്റ്ററിന്റെ ആവശ്യം തള്ളിയ കോടതി, അവരുടെ സുരക്ഷയും കൂടി മുന്‍നിര്‍ത്തിയാണ് കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കാത്തത് എന്ന് വ്യക്തമാക്കി. ' വിഷയം മനസ്സിലാക്കാന്‍ ശ്രമിക്കൂ, പെറ്റീഷനില്‍ ഫാ. ഫ്രാങ്കോയ്്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് താങ്കള്‍ ഉന്നയിരിച്ചിരിക്കുന്നത്. കോണ്‍വെന്റില്‍ നിന്ന് മോശമായ അനുഭവം നേരിട്ടതായി നിങ്ങള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.' എന്നും കോടതി പറഞ്ഞു. 

മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും  ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൂസി കളപ്പുര എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നല്‍കാമെന്ന് പൊലീസും കോടതിയെ അറിയിച്ചു.

താന്‍ സന്ന്യാസി സമൂഹത്തിന് വേണ്ടി പ്രതികരിച്ചതിന്റെ ഇരയാണ്. തന്നെ ഇത്തരത്തില്‍ ശിക്ഷിക്കുകയാണെങ്കില്‍ ഇനി പ്രതികരണങ്ങള്‍ ഉയരാത്ത സ്ഥിതിവരുമെന്നും ലൂസി ചൂണ്ടിക്കാട്ടി. അതേ സമയം കോടതി പറഞ്ഞാല്‍ പോലും കോണ്‍വന്റില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറല്ലെന്നും അവര്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com