വള്ളത്തിൽ കയറാൻ  പ്രബീഷിന് ഭയം; മൃതദേഹവുമായി രജനി ഒറ്റയ്ക്ക് തുഴയുന്നതിനിടെ വഞ്ചി മറിഞ്ഞു; പദ്ധതികൾ പാളി; അഞ്ച് മണിക്കൂറിനുള്ളിൽ കേസ് തെളിഞ്ഞു

വള്ളത്തിൽ കയറാൻ  പ്രബീഷിന് ഭയം; മൃതദേഹവുമായി രജനി ഒറ്റയ്ക്ക് തുഴയുന്നതിനിടെ വഞ്ചി മറിഞ്ഞു; പദ്ധതികൾ പാളി; അഞ്ച് മണിക്കൂറിനുള്ളിൽ കേസ് തെളിഞ്ഞു
അറസ്റ്റിലായ പ്രബീഷ്, രജനി, മരിച്ച അനിത
അറസ്റ്റിലായ പ്രബീഷ്, രജനി, മരിച്ച അനിത

ആലപ്പുഴ: ആറ് മാസം ​ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് ആറ്റിൽ തള്ളിയ സംഭവത്തിൽ വെറും അഞ്ച് മണിക്കൂറിനുള്ളിൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്. പ്രതികളായ പ്രബീഷിന്റേയും രജനിയുടേയും പദ്ധതികൾ പാളിയത് കൊലപാതകം എളുപ്പത്തിൽ തെളിയിക്കാൻ പൊലീസിന് തുണയായി. 

കൈനകരി പള്ളാത്തുരുത്തിക്കു സമീപം ആറ്റിൽ നിന്നാണ് യുവതിയുടെ മൃത​ദേഹം കണ്ടെടുത്തത്. പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദൻ (36), പ്രബീഷിനൊപ്പം കഴിഞ്ഞിരുന്ന കൈനകരി തോട്ടുവാത്തല പതിശേരിൽ രജനി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പ്രബീഷ് മരിച്ച അനിതയുമായും രജനിയുമായും ഇഷ്ടത്തിലായിരുന്നു. ഒരാളെ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് അനിതയുടെ കൊലപാതകം. കായംകുളത്തെ ഫാമിൽ ജോലി ചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോൾ ഭർത്താവും രണ്ട് മക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ട് വർഷത്തോളം കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗർഭിണിയായി.

അതേസമയം തന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലർത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണു പ്രബീഷുമായി അടുത്തത്. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേർന്ന് അനിതയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തി.

ആലത്തൂരിലുള്ള കാർഷിക ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് അനിതയെ വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ചേർന്ന് ശാരീരികബന്ധത്തിലേർപ്പെട്ടു. അതിനിടെ പ്രബീഷും രജനിയും ചേർന്ന് അനിതയുടെ കഴുത്തു ഞെരിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നു കരുതി ആറ്റിൽത്തള്ളുകയായിരുന്നു. ബോധരഹിതയായ അനിത വെള്ളം ഉള്ളിൽച്ചെന്നാണു മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പള്ളാത്തുരുത്തി അരയൻതോടുപാലത്തിനു സമീപം ആറ്റിൽ മൃതദേഹം പൊങ്ങി.

രജനിയുടെ വീടിന് സമീപത്തെ തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ കയറ്റി മൃതദേഹം ഒഴുക്കുള്ള സ്ഥലത്ത് എത്തിച്ച് തള്ളാനായിരുന്നു പദ്ധതി. എന്നാൽ നീന്തൽ അറിയാത്ത പ്രബീഷ് വള്ളത്തിൽ കയറാൻ ഭയപ്പെട്ടു. ഇതോടെ രജനി ഒറ്റയ്ക്ക് തുഴഞ്ഞ് പോകുന്നതിനിടെ വള്ളം മറിഞ്ഞു. മൃതദേഹം വള്ളത്തിൽ വലിച്ചു കയറ്റാൻ സാധിക്കാതെ വന്നതോടെ വള്ളം ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളിൽച്ചെന്നാണു മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പള്ളാത്തുരുത്തി അരയൻതോടുപാലത്തിനു സമീപം ആറ്റിൽ മൃതദേഹം പൊങ്ങി.

പോസ്റ്റ്മോർട്ടത്തിലെ സൂചനകളിൽ നിന്ന് സംഭവം കൊലപാതകമാണെന്ന രീതിയിൽ നെടുമുടി പൊലീസ് അന്വേഷണം തുടങ്ങി. അനിതയുടെ ഫോൺ രേഖകൾ വഴി പൊലീസ് പ്രബീഷിലേക്കെത്തി. മൊബൈൽ ഫോൺ ആലപ്പുഴയിലെ കടയിൽ വിറ്റെന്ന് മനസിലാക്കി. അതിനു തൊട്ടുമുൻപ് മൊബൈൽ വഴി ഓൺലൈനായി ഭക്ഷണം വാങ്ങിയിരുന്നു. മേൽവിലാസം മനസിലാക്കി പൊലീസ് എത്തുമ്പോൾ രജനിയുമൊത്ത് പ്രബീഷ് നാടുവിടാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രബീഷ് പലരെയും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന തോക്കുകൾ, കൃത്യം നടത്തിയപ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പ്രതികളുടെയും അനിതയുടെയും ഫോണുകൾ, മൃതദേഹം ആറ്റിൽ തള്ളാൻ ഉപയോഗിച്ച വള്ളം എന്നിവയും കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com