പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചര്‍ച്ച പരാജയം; 14 ജില്ലകളിലും നാളെ കട തുറക്കുമെന്ന് വ്യാപാരികള്‍

ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നാല്‍ പൊലീസിനു നടപടിയെടുക്കേണ്ടി വരുമെന്നു കലക്ടര്‍

കോഴിക്കോട്: ലോക്ക്ഡൗണില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് കലക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ കടകള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്ന് കലക്ടര്‍ അറിയിച്ചു.

എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് കലക്ടര്‍ ചര്‍ച്ചയില്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നാല്‍ പൊലീസിനു നടപടിയെടുക്കേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു.

പതിനാലു ജില്ലകളിലും നാളെ കട തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. 

്അതിനിടെ വ്യാപാരികള്‍ക്കു പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു. പൊലീസ് കട അടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യാപാരികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. തെരുവു ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കില്‍നിന്നു വരേണ്ട വാക്കല്ല, അത്. പൊലീസ് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് വ്യാപാരികള്‍ക്കൊപ്പം നില്‍ക്കും. കച്ചവടക്കാരോട് യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

വ്യാപാരികള്‍ ജീവിക്കാനാണ് സമരം ചെയ്യുന്നത്. ആ ജീവന സമരം സര്‍ക്കാരിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സുധാകരന്‍ ചോദിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ മയപ്പെടുത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com