നിയമസഭാ കയ്യാങ്കളിക്കേസ് : സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതി, ഹര്‍ജി വിധി പറയാന്‍ മാറ്റി

ക്രിമിനല്‍ നടപടികള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രോസിക്യൂഷന്‍ നേരിട്ടേ പറ്റൂ എന്ന് രമേശ് ചെന്നിത്തല 
നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍
നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍

ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. സുപ്രധാന കേസായതിനാലാണ് വിശദമായ വാദം കേട്ടതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. എന്നു വിധി പ്രസ്താവിക്കുമെന്ന് കോടതി സൂചിപ്പിച്ചില്ല. 


രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ?, സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി എങ്ങനെ ഈ കേസ് പിന്‍വലിക്കാന്‍ കഴിയും തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉയര്‍ത്തി.

കേസ് പിന്‍വലിക്കാനുള്ള പൊതു താല്‍പ്പര്യം എന്താണെന്നും കോടതി ചോദിച്ചു. നിയമസഭയ്ക്ക് അകത്തു നടന്ന പ്രതിഷേധമാണ്. നിയമസഭ അംഗങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കണം. നിയമസഭയുടെ അധികാരം സംരക്ഷിക്കണം. അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ആരോപണത്തിനെതിരായ പ്രതിഷേധമാണ് നിയമസഭയില്‍ നടന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതിനോട്, ഏതു രീതിയിലും പ്രതിഷേധിക്കാനാകുമോ എന്ന് കോടതി ചോദിച്ചു. പ്രതിഷേധം എന്നതിന്റെ പേരില്‍ അക്രമം ഉണ്ടാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. പ്രഥമദൃഷ്ട്യാ തന്നെ കേസില്‍ പ്രതികളായവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടണമെന്നും സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. 

കേസില്‍ കക്ഷി ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയെ എതിര്‍ത്തു. എല്ലാത്തിനും സഭയ്ക്ക് പരമാധികാരം അവകാശപ്പെടാനാകില്ല എന്നാണ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത്. ക്രിമിനല്‍ നടപടികള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രോസിക്യൂഷന്‍ നേരിട്ടേ പറ്റൂ. കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ മാത്രമേ സ്പീക്കറുടെ അനുമതി ആവശ്യമുള്ളതെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷന്‍ വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com