മാണിക്കെതിരായ പരാമര്‍ശം തിരുത്തി സര്‍ക്കാര്‍ ; നടന്നത് യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രതിഷേധമെന്ന് സുപ്രീംകോടതിയില്‍ 

ഒരു എംഎല്‍എ സഭയില്‍ തോക്ക് ചൂണ്ടിയാല്‍ അദ്ദേഹത്തിന് പരിരക്ഷ കിട്ടുമോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍
നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍

ന്യൂഡല്‍ഹി : നിയമസഭ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശം തിരുത്തി സര്‍ക്കാര്‍. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടയില്‍ സര്‍ക്കാരിന്റെ നിലപാടു മാറ്റം. അഴിമതിക്കാരനായ മന്ത്രി എന്ന പരാമര്‍ശമാണ് തിരുത്തിയത്. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായ പ്രതിഷേധമാണ് നിയമസഭയില്‍ നടന്നതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ പറഞ്ഞു. 

പ്രതിഷേധത്തിനിടെ വനിതാ അംഗങ്ങളെ അപമാനിച്ചു. അതാണ് കയ്യങ്കളിയിലേക്ക് നീങ്ങിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. നിയമസഭയില്‍ നടന്ന സംഭവമായതിനാല്‍, എംഎല്‍എമാര്‍ക്ക് പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

ഇതോടെ കോടതി ഇടപെട്ടു. ഒരു എംഎല്‍എ സഭയില്‍ തോക്ക് ചൂണ്ടിയാല്‍ അദ്ദേഹത്തിന് പരിരക്ഷ കിട്ടുമോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. എംഎല്‍എ റിവോള്‍വര്‍ സഭയില്‍ വെടിയുതിര്‍ത്താല്‍ നടപടി എടുക്കേണ്ടത് നിയമസഭയാണോ ?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. 

കോടതിയിലും രൂക്ഷമായ വാദപ്രതിവാദം നടക്കാറുണ്ട്. ഇവിടെയാരും ഒന്നും അടിച്ചു തകര്‍ക്കാറില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പരിഹസിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കേണ്ടത് പ്രതികള്‍ക്കു വേണ്ടിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ എന്നും കോടതി ചോദിച്ചു. സഭയില്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തതും, സംഘര്‍ഷവും പൊതു ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണോ എന്നും ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു.

കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com