ഏലക്ക, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കലരി, ശര്‍ക്കരവരട്ടി; ഇത്തവണ ഓണക്കിറ്റില്‍ 5 ഇനങ്ങള്‍ കൂടുതല്‍ 

കഴിഞ്ഞ ഓണത്തിന് 12 ഇനങ്ങള്‍ അടങ്ങുന്ന സൗജന്യഭക്ഷ്യക്കിറ്റാണ് നല്‍കിയത്.
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണത്തിന് നല്‍കുന്ന സമാശ്വാസ കിറ്റില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. 17 ഇനങ്ങളാണ് ഉണ്ടാകുക.കോവിഡ് കാലയളവില്‍ സര്‍ക്കാര്‍ നല്‍കുന്ന 13ാമത്തെ സമാശ്വാസ കിറ്റാണ് ഓണത്തിന് നല്‍കുക.

ഈ വര്‍ഷത്തെ കിറ്റുകളില്‍ കേരളത്തിലെ കര്‍ഷകരുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളെയും അഭ്യര്‍ഥന പരിഗണിച്ച് അവരുടെ ഉത്പന്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏലക്ക, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കലരി, ശര്‍ക്കരവരട്ടി എന്നിവ ഉള്‍പ്പെടുത്തും. ഭക്ഷ്യക്കിറ്റിനുള്ള സഞ്ചി കുടുംബശ്രീ ഉള്‍പ്പെടെയുള്ള കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍, സ്വയംതൊഴില്‍ സംഘങ്ങള്‍ എന്നിവയില്‍ നിന്നാകും. നേന്ത്രക്കുല, പച്ചക്കറികള്‍ എന്നിവ കര്‍ഷകസംഘങ്ങളില്‍നിന്ന് വാങ്ങണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. കുട്ടികളുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച് കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓണത്തിന് 12 ഇനങ്ങള്‍ അടങ്ങുന്ന സൗജന്യഭക്ഷ്യക്കിറ്റാണ് നല്‍കിയത്.ഏകദേശം 85 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് മാസംതോറും സമാശ്വാസകിറ്റ് ലഭിക്കുന്നത്. കിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 5600 കോടി രൂപയോളം ചെലവായിട്ടുണ്ട്. 2021 ലെ ഓണക്കിറ്റിന് 500 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. 

മാവേലി സ്‌റ്റോറുകളുടെ പ്രവര്‍ത്തനം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമമാക്കും. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വിവിധ ജില്ലകളിലായി 26 മാവേലിസ്‌റ്റോറുകള്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേഖലയില്‍ 17, കോട്ടയം മേഖലയില്‍ നാല്, എറണാകുളം മേഖലയില്‍ മൂന്ന്, കോഴിക്കോട് മേഖലയില്‍ രണ്ട് എന്നിങ്ങനെയാണ് പുതിയ മാവേലിസ്‌റ്റോറുകള്‍. പാലക്കാട് മേഖലയിലെ ആറു മാവേലി സ്‌റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്ന നടപടി പൂര്‍ത്തിയായി.ലീഗല്‍ മെട്രോളജി വകുപ്പിന്റെ കോട്ടയം, കാസര്‍കോട് ജില്ലാ ഓഫീസുകള്‍ക്ക് സ്ഥലം കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. കോട്ടയത്ത് ഓഫീസ് നിര്‍മാണപ്രവര്‍ത്തനം 19നും കാസര്‍കോട്ട് 22നും ആരംഭിക്കും. വയനാട്, പാലക്കാട് ജില്ലകളില്‍ ഓഫീസിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com