പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട് , വിരട്ടല്‍ വേണ്ട ; നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് നസറുദ്ദീന്‍

വൈകീട്ട് 3.30 നാണ് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കുക
നസറുദ്ദീന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
നസറുദ്ദീന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പേടിപ്പിക്കലൊന്നും വേണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു.

കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താന്‍. എല്ലാവരും എല്ലാകാലത്തും പേടിപ്പിക്കും. പീടിക ഒഴിപ്പിക്കുമെന്ന് പറഞ്ഞും, സെയില്‍സ് ടാക്‌സിലെ തെറ്റായ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. 

ഇതിനൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്. കടകള്‍ തുറക്കാന്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു. 

പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓണക്കാലത്ത് ഏതുതരത്തിലുള്ള ഇളവുകള്‍ നല്‍കാനാകും എന്നതും ചര്‍ച്ചയില്‍ വിഷയമായേക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും വ്യാപാരി സംഘടന നേതാക്കള്‍ സൂചിപ്പിച്ചു. 

രാവിലെ ടി നസറുദ്ദീന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. വൈകീട്ട് 3.30 നാണ് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com