കൗണ്‍സലിങ്ങിന് വന്നു, പിന്നെ ഫോണിലേക്ക് അശ്ലീല വീഡിയോകള്‍, വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അപവാദ പ്രചാരണം; പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ പരാമര്‍ശമൊന്നുമില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : പരാതിക്കാരിക്ക് പൊലീസുകാരന്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ആരോപണ വിധേയനെ സ്ഥലംമാറ്റി പ്രശ്‌നം ഒതുക്കാന്‍ നീക്കമെന്ന് ആക്ഷേപം. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയെ ശല്യം ചെയ്ത എഎസ്‌ഐയെയാണ് സ്ഥലം മാറ്റിയത്. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായല്ല നടപടി എന്നാണ് സൂചന. 

അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ പരാമര്‍ശമൊന്നുമില്ല. പരാതി ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എങ്ങും തൊടാതെയുള്ള സ്ഥലംമാറ്റം എന്നാണ് ആരോപണം ഉയരുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍ ശല്യം ചെയ്തത് അറിയിച്ച് മുഖ്യമന്ത്രിക്ക് പനമ്പിള്ളി നഗര്‍ സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി കമ്മീഷണര്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് അപമര്യാദയായി പെരുമാറിയത്. 

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങലെത്തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയ്ക്കാണ് ദുരനുഭവം നേരിട്ടത്. പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. കൗണ്‍സലിങ്ങിനായി ഫോണില്‍ വിളിച്ചു തുടങ്ങിയ ഇയാള്‍ പിന്നീട് അശ്ലീലസന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയച്ചുതുടങ്ങി. 

പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും പൊലീസുകാരന്‍ ഇത് തുടര്‍ന്നു. താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്നു ബോധ്യമായപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. പരാതിക്കാരിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയ സംഭവം പുറത്തറിഞ്ഞതോടെ, വിവരം പുറത്ത് അറിയിച്ച പൊലീസുകാരനെ കണ്ടെത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com