മുട്ടില്‍ മരംമുറി : അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു ; ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

മുറിച്ച മരം കണ്ടെത്തിയ റേഞ്ച് ഓഫീസറിനെ കേസില്‍ കുടുക്കാന്‍ സാജന്‍ ശ്രമിച്ചു എന്നും അന്വേഷണത്തില്‍ കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : മുട്ടില്‍ മരംമുറി കേസില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. മരം മുറി അന്വേഷണം വഴിതെറ്റിക്കാന്‍ സാജന്‍ ശ്രമിച്ചു എന്നാണ് കണ്ടെത്തല്‍. സാജനെതിരെ നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് തുടക്കത്തിലേ തന്നെ സാജനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മുറിച്ച മരം കണ്ടെത്തിയ റേഞ്ച് ഓഫീസര്‍ ഷമീറിനെ കേസില്‍ കുടുക്കാന്‍ സാജന്‍ ശ്രമിച്ചു എന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ തന്റെ ഔദ്യോഗിക പദവിക്ക് ചേരാത്ത തരത്തില്‍ പെരുമാറി. മരംമുറി കേസില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്നവരുമായി അടുത്ത ബന്ധം പുലര്‍ത്തി, വനം വകുപ്പിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ ജനവാസ മേഖലയിലെ കര്‍ഷകരുടെ ഭൂമി വനഭൂമിയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നടപടിക്കായി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കേസില്‍ സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com