ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ലീഗ് ഉടക്കി ; നിലപാടില്‍ മലക്കം മറിഞ്ഞ് വി ഡി സതീശന്‍

മറ്റു വിഭാഗങ്ങള്‍ക്ക് ആനുകൂല്യം കൊടുക്കുന്നതിന് മുസ്ലിം ലീ​ഗ് എതിരല്ലെന്ന് കെപിഎ മജീദ്
കെ പി എ മജീദ്, വി ഡി സതീശന്‍ / ഫയല്‍ ചിത്രം
കെ പി എ മജീദ്, വി ഡി സതീശന്‍ / ഫയല്‍ ചിത്രം


മലപ്പുറം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ വിവാദം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വി ഡി സതീശന്റെ  നിലപാട് സതീശനോട് ചോദിക്കണമെന്ന് കെപിഎ മജീദ് എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തിന് നഷ്ടം തന്നെയാണ്. മുസ്ലിം ലീഗിന്റെ നിലപാട് വ്യത്യസ്തമാണ്. അത് യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും കെപിഎ മജീദ് പ്രതികരിച്ചു. 

യുഡിഎഫ് നിര്‍ദേശം വെച്ചതിന്റെ അടിസ്ഥാനത്തിലല്ല ഈ തീരുമാനം വന്നത്. ലീഗിന്റെ നിലപാട് ചര്‍ച്ചയ്ക്ക് മുമ്പു തന്നെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സ്‌കോളര്‍ഷിപ്പ് ആരംഭിക്കുന്നത് തന്നെ സച്ചാര്‍, പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. സച്ചാര്‍ കമ്മീഷന്‍ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടി മാത്രമുള്ള കമ്മീഷനാണ്. സ്വഭാവികമായും ആ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യം ലഭിക്കേണ്ടത് പിന്നോക്ക മുസ്ലിം സമുദായത്തിനാണ്. 

മറ്റു വിഭാഗങ്ങള്‍ക്ക് ആനുകൂല്യം കൊടുക്കുന്നതിന് ലീഗ് എതിരല്ല. ജനസംഖ്യാനുപാതികമായി വേറൊരു പദ്ധതി പ്രകാരം അത്തരത്തിലുള്ള ആളുകള്‍ക്ക് ആനുകൂല്യം കൊടുക്കണമെന്നാണ് ലീഗ് വ്യക്തമാക്കിയത്. സച്ചര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വെള്ളം ചേര്‍ക്കുകയോ, തള്ളിക്കളയുകയോ ആണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. നേരത്തെ 80 ശഥമാനം മുസ്ലിം സമുദായത്തിന് ലഭിച്ചിരുന്നത് ഇപ്പോള്‍ 59 ശതമാനമായി ചുരുങ്ങും. സച്ചാര്‍, പാലൊളി കമ്മീഷനുകളെ കുഴിച്ചുമൂടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കെപിഎ മജീദ് പറഞ്ഞു. 

ലീഗ് എതിര്‍പ്പുമായി രംഗത്തു വന്നതിന് പിന്നാലെ  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്‍ നിലപാട് തിരുത്തി. സര്‍ക്കാര്‍ തീരുമാനത്തോടുള്ള പിന്തുണ ഭാഗികം മാത്രമാണ്. യുഡിഎഫ് ഫോര്‍മുലയാണ് താരതമ്യേന മെച്ചപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അത് പരിഗണിച്ചില്ല. മുസ്ലിംകള്‍ക്കായി മാത്രമുള്ള പദ്ധതി നഷ്ടമായതിലാണ് ലീഗിന്റെ പരാതി. ലീഗ് പറഞ്ഞത് തന്നെയാണ് താനും പറഞ്ഞത്. ലീഗ് നിലപാട് യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. മുസ്ലിം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ല.  നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ടില്ല. മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന് തന്റെ പേരില്‍ വാര്‍ത്തയുണ്ട്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ആ വാര്‍ത്ത വാസ്തവവിരുദ്ധമാണ്. 

മുസ്ലിം, പരിവര്‍ത്തിത ക്രിസ്ത്യന്‍, ലത്തീന്‍ ക്രിസ്ത്യന്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നത്. അവരുടെ നിലവിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിലനിര്‍ത്തുമെന്നാണ് മന്ത്രിസഭാ തീരുമാനം എന്നാണ്  തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. നഷ്ടം ഉണ്ടായെന്ന വാര്‍ത്ത തെറ്റാണെന്നും വി ഡി സതീശന്‍  അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com