ഭൂ ഉടമകള്‍ അറിയാതെ മൂന്നും നാലും തവണ വായ്പയെടുത്തു, 46 വായ്പകളുടെ തുക ഒറ്റ അക്കൗണ്ടിലേക്ക് ; സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്

തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നിയന്ത്രണത്തിലുള്ള 13 അംഗ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
കരുവന്നൂര്‍ സഹകരണ ബാങ്ക് / ടെലിവിഷന്‍ ചിത്രം
കരുവന്നൂര്‍ സഹകരണ ബാങ്ക് / ടെലിവിഷന്‍ ചിത്രം


തൃശ്ശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാററുടെ കണ്ടെത്തല്‍. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. 46 പേരുടെ വായ്പാ തുക പോയത് ഒരാളുടെ അക്കൗണ്ടിലാണെന്ന് കണ്ടെത്തി. 

തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നിയന്ത്രണത്തിലുള്ള 13 അംഗ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ ജീവനക്കാരായ ആറു പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍, ഗൂഡാലോചന , വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 

പെരിങ്ങനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. 

ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. വായ്പ കിട്ടാന്‍ നല്‍കിയ ഭൂമിയുടെ രേഖകള്‍ വച്ച് ഭൂ ഉടമകള്‍ അറിയാതെ മൂന്നും നാലും തവണ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഭൂ ഉടമയ്ക്ക് നോട്ടിസ് കിട്ടിയതോടെയാണ് പരാതി ഉയരുന്നത്.

ഒരാള്‍ ആധാരം ഈടു നല്‍കി ബാങ്കില്‍നിന്ന് വായ്പയെടുത്താല്‍ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com