പരീക്ഷ ജയിക്കാതെ അഭിഭാഷകയായി കോടതിയില്‍; യുവതിക്കെതിരെ കേസ്; ഒളിവില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th July 2021 11:12 AM |
Last Updated: 20th July 2021 11:12 AM | A+A A- |

സെസി സേവ്യര്‍
ആലപ്പുഴ: മതിയായ യോഗ്യത ഇല്ലാതെ രണ്ടരവര്‍ഷം കോടതിയില്‍ അഭിഭാഷക പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷന്‍ മത്സരത്തില്‍ വിജയിക്കുകയും ചെയ്ത വ്യാജ അഭിഭാഷക സേസി സേവ്യര്‍ ഒളിവല്‍. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നോര്‍ത്ത് പൊലീസ് കേസെടുത്തത്.
ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുക്കമമെന്നായിരുന്നു പരാതി. പരീക്ഷ ജയിക്കാതെയും എന്റോള്‍ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ചാണ് രണ്ടരവര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതെന്നാണു പരാതി. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്.
രണ്ടരവര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവര്‍ നല്‍കിയ എന്റോള്‍മെന്റ് നമ്പറില്‍ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗണ്‍സിലിന്റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പര്‍ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്.
തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കി. അന്വേഷണം നടക്കുന്നതായി നോര്‍ത്ത് പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുന്‍പ് വരെ പ്രവര്‍ത്തനക്ഷമമായിരുന്ന ഇവരുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.