'അത് നല്ല രീതിയില്‍ തീര്‍ക്കണം'; പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടു; പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2021 12:07 PM  |  

Last Updated: 20th July 2021 03:10 PM  |   A+A-   |  

a k saseendran

എ കെ ശശീന്ദ്രന്‍ / ഫയല്‍ ചിത്രം

 

ആലപ്പുഴ:  എന്‍സിപി നേതാവ് ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. 

കുറച്ച് ദിവസമായി അവിടെ പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അത് താങ്കള്‍ ഇടപെട്ട് നല്ല രീതിയില്‍ തീര്‍ക്കണമെന്ന്് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ശശീന്ദ്രന്‍ ഫോണില്‍ പറയുന്നു. സാര്‍ പറയുന്നത് തന്റെ മകളെ ഗംഗാ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ കൈയ്ക്ക് കയറി പിടിച്ച കാര്യമാണോ?. അതേ..അതേ. അത് നല്ല രീതിയില്‍ തീര്‍ക്കണം. സാര്‍ അയാള്‍ ഒരു ബിജെപിക്കാരാനാണ്. അത് എങ്ങനെ നല്ലരീതിയില്‍ തീര്‍ക്കണമെന്നാണ് സാര്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുമ്പോള്‍ താങ്കള്‍ മുന്‍കൈ എടുത്ത് അത് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. മറ്റുകാര്യങ്ങള്‍ നമുക്ക് ഫോണിലൂടെയല്ലാതെ നേരില്‍ പറയാമെന്നും മന്ത്രി പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
ജൂണില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.