കുട്ടികളുമായി നഗരത്തിലെത്തി ; 15 രക്ഷിതാക്കളുടെ പേരില്‍ കേസ്

സിറ്റി പരിധിയില്‍ അനാവശ്യമായി യാത്രചെയ്ത 273 വാഹനങ്ങള്‍ പിടിച്ചെടുത്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട് : കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളുമായെത്തിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

മാസ്‌ക് ധരിക്കാത്തതിന് 256 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 259 കേസുകളുമെടുത്തു. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 763 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പരിധിയില്‍ അനാവശ്യമായി യാത്രചെയ്ത 273 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 124 കടകള്‍ അടപ്പിച്ചു.

മിഠായിത്തെരുവില്‍ തെരുവുകച്ചവടത്തിന് കോര്‍പ്പറേഷന്‍ വെന്‍ഡിങ് കമ്മിറ്റി യോഗം അനുമതി നല്‍കി.  ഒരേസമയം 36 തെരുവുവ്യാപാരികള്‍ക്ക് കച്ചവടം ചെയ്യാനാണ് അനുമതി. ലൈസന്‍സുള്ള 102 തെരുവുകച്ചവടക്കാരാണ് മിഠായിത്തെരുവിലുള്ളത്. കോര്‍പ്പറേഷന്‍ നേരത്തേ അനുവദിച്ച 36 സ്‌പോട്ടുകളില്‍ രണ്ടുദിവസം തുടര്‍ച്ചയായി കച്ചവടം ചെയ്യാം. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ എല്ലാവര്‍ക്കും ഒരേസമയത്ത് പറ്റില്ല. അതുകൊണ്ട് കച്ചവടക്കാര്‍ തമ്മില്‍ ധാരണയുണ്ടാക്കണമെന്നാണ് വെന്‍ഡിങ് കമ്മിറ്റി യോഗം നിര്‍ദേശിച്ചത്. ഇവര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡും ഗ്ലൗസുകളും കോര്‍പ്പറേഷന്‍ നല്‍കും.ഇന്നലെ രാവിലെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയതോടെ, സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com