സ്‌ക്രാച്ച് കാര്‍ഡ് തപാലില്‍, ചുരണ്ടി നോക്കിയാല്‍ വില കൂടിയ കാര്‍ സ്വന്തം!, പക്ഷേ...

സ്‌ക്രാച്ച് ചെയ്യാനുള്ള കാര്‍ഡ് തപാലില്‍ അയച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്:  ഓരോ ദിവസം കഴിയുന്തോറും പുതിയ സൈബര്‍ തട്ടിപ്പുകളുടെ വാര്‍ത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ വളരെ ജാഗ്രത പാലിക്കേണ്ട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സ്‌ക്രാച്ച് ചെയ്യാനുള്ള കാര്‍ഡ് തപാലില്‍ അയച്ച് നടത്തുന്ന പുതിയ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

സ്‌ക്രാച്ച് ചെയ്യാനുള്ള കാര്‍ഡ് തപാലില്‍ അയച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത്. ചുരണ്ടി നോക്കേണ്ട താമസം വില കൂടിയ കാര്‍ സ്വന്തമാകും!. പക്ഷേ, ഒരു ഉപാധി മുന്നോട്ടുവച്ചാണ് തട്ടിപ്പിന് ഇരയാക്കുന്നത്. കാര്‍ കിട്ടണമെങ്കില്‍ അതിന്റെ വിലയുടെ ഒരു ശതമാനം മുന്‍കൂട്ടി അതില്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടും. ഇതില്‍ വീണുപോകുന്നവരുടെ പണം നഷ്ടമാകും.

ഒന്നു കൂടി വിശ്വാസം ഉറപ്പിക്കാന്‍ സമ്മാന തുക രേഖപ്പെടുത്തിയ ചെക്കിന്റെ ചിത്രം വാട്‌സാപ്പില്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഫോട്ടോ പതിച്ച കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡും കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്തും പിന്നാലെയെത്തും. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയുടെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ ശ്രമം നടത്തുന്നത്.

കാസര്‍കോട് അഡൂര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ പുരുഷോത്തമനാണ് കഴിഞ്ഞ ദിവസം തപാലില്‍ 'ഭാഗ്യം' തേടി വന്നത്!. സംഘം പണം ആവശ്യപ്പെട്ടപ്പോള്‍ തന്നെ തട്ടിപ്പാണെന്ന് ബോധ്യമായെങ്കിലും സംഘം ഏതറ്റം വരെ പോകുമെന്ന് കണ്ടെത്താനായി പിന്നീടുള്ള ശ്രമം. ഇദ്ദേഹം 2 വര്‍ഷം മുന്‍പ് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നു.

ഈ വിലാസത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച ഒരു കവര്‍ എത്തിയത്. തുറന്ന് നോക്കിയപ്പോള്‍ സ്‌ക്രാച്ച് ചെയ്യാനുള്ള ഒരു കാര്‍ഡായിരുന്നു. ഓണ്‍ലൈന്‍ കമ്പനിയുടെ 12- ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടിയാണെന്നും അതില്‍ രേഖപ്പെടുത്തിയിരുന്നു. ചുരണ്ടി നോക്കിയപ്പോള്‍ ഒന്നാം സമ്മാനമായ കാര്‍ അടിച്ചതായി കാണുകയും ചെയ്തു. സമ്മാനം ഉണ്ടെങ്കില്‍ വാട്‌സാപ്പില്‍ അറിയിക്കാന്‍ ഒരു ഫോണ്‍നമ്പറും ആ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നു.

അതില്‍ ബന്ധപ്പെട്ടപ്പോള്‍ 14.8 ലക്ഷം രൂപയുടെ കാര്‍ അടിച്ചതായി മറുപടി ലഭിച്ചു. പിന്നീട് ഫോണില്‍ ഒരാള്‍ ബന്ധപ്പെട്ട് കാറിന്റെ വിലയുടെ ഒരു ശതമാനം കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. കന്നടയിലായിരുന്നു സംസാരം. വീഡിയോ കോളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എടുത്തില്ല. മുംബൈയിലെ ഓഫിസ് അഡ്രസ്സാണ് തിരിച്ചറിയല്‍ രേഖയിലുണ്ടായിരുന്നത്.

പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയില്ലെന്നും നേരിട്ട് മുംബൈയില്‍ വരാമെന്നും പറഞ്ഞപ്പോള്‍ കോവിഡ് കാരണം വേണ്ടെന്നായിരുന്നു മറുപടി. പണം അക്കൗണ്ടില്‍ ഇട്ടാല്‍ ആ സമയം 14.8 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്നും പറഞ്ഞു. മുംബൈയിലുള്ള സുഹൃത്ത് നേരിട്ട് കമ്പനിയുടെ ഓഫിസില്‍ എത്തി നല്‍കുമെന്നു പുരുഷോത്തമന്‍ പറഞ്ഞപ്പോള്‍ ആദ്യം നിരുത്സാഹപ്പെടുത്തി.

പക്ഷേ, നിര്‍ബന്ധം പിടിച്ചപ്പോള്‍ സമ്മതിച്ചു. മുംബൈയിലുള്ള സുഹൃത്തിനോട് വിവരം പറഞ്ഞ് അങ്ങോട്ടേക്ക് അയച്ചപ്പോള്‍ അല്‍പം കഴിഞ്ഞ് എത്താമെന്ന് പറഞ്ഞയാള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. പിന്നീട് ഓണ്‍ ആയെങ്കിലും ഇതുവരെ ഫോണ്‍ എടുത്തിട്ടുമില്ല. ഓണ്‍ലൈന്‍ കമ്പനിയെ ബന്ധപ്പെട്ടപ്പോള്‍, ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നുമാണ് മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com