വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നു?, ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് സൂചന
എക്‌സ്പ്രസ് ഫോട്ടോ
എക്‌സ്പ്രസ് ഫോട്ടോ


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് സൂചന. ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും.

വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരക്കു വര്‍ധിപ്പിക്കാനാന്‍ ഇത് കാരണമാവുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇന്നു ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എങ്ങനെ വേണം എന്നതിലും ഇന്നു തീരുമാനമുണ്ടാവും. മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണം കടുപ്പിക്കാനുള്ള നിര്‍ദേശം യോഗം ചര്‍ച്ച ചെയ്യും. വൈകീട്ട് മൂന്നരയ്ക്കാണ് അവലോകന യോഗം.

പെരുന്നാള്‍ പ്രമാണിച്ച് കടകള്‍ തുറക്കാനുളള സമയം ദീര്‍ഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. ടിപിആര്‍ പതിനൊന്നിന് മുകളിലേക്കെത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാനുളള സാധ്യത കുറവാണ്. ഇന്നലെ 11.08 ശതമാനമാണ് ടിപിആര്‍. ജൂണ്‍ 29 ന് ശേഷം ഇതാദ്യമായാണ് ടിപിആര്‍ 11 ന് മുകളിലെത്തുന്നത്.

അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്‍കിയ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും. ടിപിആര്‍ 15 ന് മുകളിലുള്ള, ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവുകളില്ല. ടിപിആര്‍ 15 ന് താഴെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളിലാണ് ഇന്ന് ഇളവുള്ളത്. അവശ്യ സാധന കടകള്‍ക്ക് പുറമേ, തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്‌സ് കട, സ്വര്‍ണക്കട തുടങ്ങിയവ രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com