ടിപിആര്‍ ഉയരുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ ?; അവലോകന യോഗം ഇന്ന്

വാരാന്ത്യ ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണോ എന്നതില്‍ ഇന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകീട്ട് മൂന്നരയ്ക്ക് അവലോകന യോഗം ചേരും. വാരാന്ത്യ ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും.

പെരുന്നാള്‍ പ്രമാണിച്ച് കടകള്‍ തുറക്കാനുളള സമയം ദീര്‍ഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. ടിപിആര്‍ പതിനൊന്നിന് മുകളിലേക്കെത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാനുളള സാധ്യത കുറവാണ്. ഇന്നലെ 11.08 ശതമാനമാണ് ടിപിആര്‍. ജൂണ്‍ 29 ന് ശേഷം ഇതാദ്യമായാണ് ടിപിആര്‍ 11 ന് മുകളിലെത്തുന്നത്. 

പെരുന്നാള്‍ പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യവും അവലോകനയോഗം പരിഗണിക്കും. അതേസമയം കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്നും ഉയരുന്നുണ്ട്. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്‍കിയ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും. ടിപിആര്‍ 15 ന് മുകളിലുള്ള, ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവുകളില്ല. ടിപിആര്‍ 15 ന് താഴെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളിലാണ് ഇന്ന് ഇളവുള്ളത്. അവശ്യ സാധന കടകള്‍ക്ക് പുറമേ, തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്‌സ് കട, സ്വര്‍ണക്കട തുടങ്ങിയവ രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com