ചികിത്സാ പിഴവ് പരാതിപ്പെട്ടതിന് അനന്യയെ മര്‍ദിച്ചു; ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ്

ചികിത്സാ പിഴവ് പരാതിപ്പെട്ടതിന് ആശുപത്രി ജീവനക്കാര്‍ അനന്യ കുമാരിയെ മര്‍ദിച്ചിരുന്നെന്ന് പിതാവ് അലക്‌സ്
അനന്യകുമാരി അലക്‌സ്/ഫെയ്‌സ്ബുക്ക്
അനന്യകുമാരി അലക്‌സ്/ഫെയ്‌സ്ബുക്ക്


കൊച്ചി:  ചികിത്സാ പിഴവ് പരാതിപ്പെട്ടതിന് ആശുപത്രി ജീവനക്കാര്‍ അനന്യ കുമാരിയെ മര്‍ദിച്ചിരുന്നെന്ന് പിതാവ് അലക്‌സ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിക്കുന്ന പരിഗണന പോലും വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍നിന്നു ലഭിച്ചില്ല. ഒന്നോ രണ്ടോ മരുന്നു നല്‍കി പറഞ്ഞയയ്ക്കാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ കയ്യേറ്റം നടത്തിയത്. രണ്ടു പ്രാവശ്യം ദേഹത്തു കൈവച്ചെന്നു പറഞ്ഞിട്ടുണ്ട്- അലക്‌സ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവ് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അനന്യ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. 

ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. നമ്മള്‍ പാവപ്പെട്ടവരാണ്. നമ്മുടെ പുറകേ വരാന്‍ ആരുമില്ല എന്നു പറഞ്ഞപ്പോള്‍ എന്നെ ഇത്രയുമാക്കി, ആഗ്രഹത്തിനൊത്ത് ആവാന്‍ സാധിച്ചിട്ടില്ല, ജോലി ചെയ്യാന്‍ പറ്റുന്നില്ല എന്നെല്ലാം പറഞ്ഞു. ഒരുപാട് സമാധാനപ്പെടുത്തിയാണ് താന്‍ പോയതെന്നും പിതാവ് പ്രതികരിച്ചു.

അതേസമയം, അനന്യയുടെ മരണത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com