'പറയാനുള്ളതെല്ലാം പറഞ്ഞു, ബോധ്യപ്പെട്ടോ എന്നറിയില്ല' ; വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2021 11:07 AM  |  

Last Updated: 21st July 2021 11:11 AM  |   A+A-   |  

saseendran_ak

മുഖ്യമന്ത്രിയെ കണ്ടശേഷം മന്ത്രി ശശീന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചു എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു. മുഖ്യമന്ത്രി എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. ബോധ്യപ്പെട്ടോ എന്നത് മുഖ്യമന്ത്രിയല്ലേ പറയേണ്ടതെന്നും ശശീന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചതല്ല. താന്‍ അങ്ങോട്ട് ആവശ്യപ്പെട്ട് പോയതാണെന്നും മന്ത്രി പറഞ്ഞു. 

നിയമസഭാ സമ്മേളനം നാളെ തുടങ്ങുന്ന സാഹചര്യത്തില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. രാജി വെക്കുന്ന സാഹചര്യം ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലില്ല എന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. ഈ വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുകഴിഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം മന്ത്രി ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ രംഗത്തെത്തി.  വിവാദത്തില്‍ എന്‍സിപി പ്രതിരോധത്തില്‍ അല്ല. യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ല. സംഭവത്തില്‍ മന്ത്രിയ്ക്കു ജാഗ്രത കുറവുണ്ടായി എന്നും പി സി ചാക്കോ പറഞ്ഞു. 

സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടിനേതാക്കള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടത്. അത് നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് മന്ത്രി പറയുന്നത്. ധാര്‍മ്മികതയുടെ വിഷയമില്ല. നിയമപരമായ പ്രശ്‌നവുമില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു