എ കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടെന്ന് പവാര്‍; എന്‍സിപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ നടപടിയെന്ന് പി സി ചാക്കോ

കുണ്ടറ പീഡന പരാതി വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം


തിരുവനന്തപുരം: കുണ്ടറ പീഡന പരാതി വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദേശമെന്നും പി സി ചാക്കോ അറിയിച്ചു.

ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടെന്ന് പി സി ചാക്കോ പറഞ്ഞു. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്‍സിപി നിലപാട് സിപിഎം നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു. 

എ കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെയും തീരുമാനം.  വിവാദത്തിന്റെ പേരില്‍ രാജി വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തോട് ഇന്നു ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോജിക്കുകയായിരുന്നു. 

പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ, തിരുവനന്തപുരത്തുള്ള നേതാക്കള്‍ കൂടിയാലോചനകളില്‍ പങ്കെടുത്തു. രാജി വയ്ക്കാന്‍ മന്ത്രിയോടു നിര്‍ദേശിക്കേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി യോഗത്തെ അറിയിക്കുകയായിരുന്നു. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇതിനോടു യോജിച്ചു.

മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിപിഎം കൂടിയാലോചനകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ വിശദ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും നിലപാട് പിന്നീട് വ്യക്തമാക്കുമെന്നുമാണ്, കൂടിയാലോചനകള്‍ക്കു ശേഷം എ വിജയരാഘവന്‍ പ്രതികരിച്ചത്. വിവാദത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടിക്കു മുമ്പാകെ വന്നിട്ടില്ല. മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, എന്‍സിപി നേതാവിനെതിരായ പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചില്ലെങ്കില്‍, അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു. യുക്തിരഹിതമായ ദുര്‍ബല വാദമാണ് മന്ത്രിയുടേത്. മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com