കൈവിടാതെ മുഖ്യമന്ത്രി; ശശീന്ദ്രന്‍ രാജിവയ്ക്കില്ല
By സമകാലിക മലയാളം ഡെസ്ക് | Published: 21st July 2021 01:41 PM |
Last Updated: 21st July 2021 01:41 PM | A+A A- |

മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം
തിരുവനന്തപുരം: പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന് ആരോപണ വിധേയനായ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വത്തില്‍ ധാരണ. വിവാദത്തിന്റെ പേരില്‍ രാജി വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തോട് ഇന്നു ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോജിക്കുകയായിരുന്നെന്നാണ് വിവരം.
ഇന്നു രാവിലെ ചേര്‍ന്ന നേതൃയോഗമാണ് വിഷയം ചര്‍ച്ച ചെയ്തത്. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ, തിരുവനന്തപുരത്തുള്ള നേതാക്കള്‍ കൂടിയാലോചനകളില്‍ പങ്കെടുത്തു. രാജി വയ്ക്കാന്‍ മന്ത്രിയോടു നിര്‍ദേശിക്കേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി യോഗത്തെ അറിയിക്കുകയായിരുന്നു. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇതിനോടു യോജിച്ചു.
മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിപിഎം കൂടിയാലോചനകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ വിശദ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും നിലപാട് പിന്നീട് വ്യക്തമാക്കുമെന്നുമാണ്, കൂടിയാലോചനകള്‍ക്കു ശേഷം എ വിജയരാഘവന്‍ പ്രതികരിച്ചത്. വിവാദത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടിക്കു മുമ്പാകെ വന്നിട്ടില്ല. മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.
അതേസമയം, എന്‍സിപി നേതാവിനെതിരായ പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചില്ലെങ്കില്‍, അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു. യുക്തിരഹിതമായ ദുര്‍ബല വാദമാണ് മന്ത്രിയുടേത്. മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.