ബം​ഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം, കേരളത്തിൽ കാലവർഷക്കാറ്റ് സജീവമാകും; ശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലർട്ട് 

ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്‌ച പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്‌ച രാത്രി മുതൽ ശക്തമായ മഴക്ക്‌ സാധ്യത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്‌ച പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്‌ച രാത്രി മുതൽ ശക്തമായ മഴക്ക്‌ സാധ്യത. കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരം പൂർണമായും കാലവർഷക്കാറ്റ് സജീവമാകും. ശക്തമായ മഴയ്ക്ക് ഈ കാലവർഷക്കാറ്റ് കാരണമാകും.  

ബംഗാൾ ഉൾക്കടലിൽ ഒഡിഷക്ക്‌ സമാന്തരമായി ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ഇതിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.പാകിസ്‌താന്‌ മുകളിലായി രൂപപ്പെട്ട ന്യൂനമർദം വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടുത്തും. ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമാകാൻ ന്യൂനമർദം സഹായിക്കും.

മൺസൂൺ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ ദിശയിലും വേഗത്തിലും മാറ്റങ്ങൾ ദൃശ്യമാണ്.  മൂന്നുദിവസം വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന ന്യൂനമർദം ബംഗാളിനും ഒഡിഷക്കും ഇടയിൽ കരകയറും. 25ന് തീവ്ര ന്യൂനമർദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും. 

ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. 

മഞ്ഞ അലർട്ട്:

ജൂലൈ 21: എറണാകുളം, ഇടുക്കി,കണ്ണൂർ, കാസർകോട്

ജൂലൈ 22:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 24:മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 25:മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com