മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത് ആയിരം കോടിക്ക്; ആരോപണവുമായി കെ സുധാകരന്‍

ജനാധിപത്യബോധമില്ലാത്ത, അന്തസും ആഭിജാത്യവും തറവാടിത്തവുമില്ലാത്ത ഭരണാധികാരികള്‍ക്ക് മാത്രമേ ഇത്തരം ചാരപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനാവൂവെന്ന് സുധാകരന്‍
കെ സൂധാകരന്‍,നരേന്ദ്ര മോദി
കെ സൂധാകരന്‍,നരേന്ദ്ര മോദി


തിരുവനന്തപുരം: ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കോവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങള്‍ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധിച്ച് എഐസിസിയുടെ ആഹ്വാനപ്രകാരം നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സുധാകരന്‍  മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.

ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മൊബൈലിലെ ക്യാമറയും മൈക്രോ ഫോണും വരെ തുറക്കാന്‍ സാധിക്കും. ഫോണിന് സമീപമുള്ള കാര്യങ്ങള്‍, ഫോണിന്റെ പാസ് വേര്‍ഡ്, ഫോണില്‍ സേവ് ചെയ്തിട്ടുള്ളവരുടെ വിവരങ്ങള്‍, ടെക്സ്റ്റ് മെസേജ്, പരിപാടികള്‍, വോയ്‌സ് കോള്‍ തുടങ്ങിയവയെല്ലാം ചാര സോഫ്റ്റ്‌വെയര്‍ പിടിച്ചെടുക്കുന്നു. ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തവിധം നാടിന്റെ അച്ചടക്കവും സ്വകാര്യതയുമാണ് മോദി സര്‍ക്കാര്‍ തച്ചുടച്ചതെന്നും സുധാകരന്‍ പറഞ്ഞു. 

ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയങ്ങള്‍ ചോര്‍ത്തിയ കിരാത നടപടിയാണിത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളാണ് ചോര്‍ത്തിയത്. രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയാല്‍ കോണ്‍ഗ്രസ് വൈകാരികമായി തന്നെ പ്രതികരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അദ്ദേഹത്തിനെതിരേ നടപടി വേണം. അമിത് ഷായെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി തയാറായില്ലെങ്കില്‍ അദ്ദേഹത്തിനും ഇതില്‍ പങ്കുണ്ടെന്നു പറയേണ്ടിവരുമെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

വാട്‌സ് ആപ്പിന്റെ ഉടമകളായ ഫെയ്‌സ്ബുക്ക് 2019 ഏപ്രില്‍ മെയ് മാസങ്ങളില്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണുകള്‍ ചോര്‍ത്തുന്ന വിവരം കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. 2019 സെപ്റ്റംബറില്‍ ഫെയ്‌സ്ബുക്ക് വീണ്ടും കേന്ദ്രസര്‍ക്കാരിന് നല്‍്കിയ  മുന്നറിയിപ്പ് അവഗണിച്ചു. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഇന്ത്യയിലെ  പൊതുപ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരുന്നതായി സിറ്റിസണ്‍ ലാബ് 2018 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തു. 

പെഗാസസ് ചാര സോഫ്റ്റ് വെയറും ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയുടെ ഉല്പന്നങ്ങളും ഇന്ത്യയില്‍ വാങ്ങുന്നത് കേന്ദ്രസര്‍ക്കാര്‍ മാത്രമാണ്. നൂറു മുതല്‍ ആയിരം കോടി വരെ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. മനഃസാക്ഷിയില്ലാത്ത, ജനാധിപത്യബോധമില്ലാത്ത, അന്തസും ആഭിജാത്യവും തറവാടിത്തവുമില്ലാത്ത ഭരണാധികാരികള്‍ക്ക് മാത്രമേ ഇത്തരം ചാരപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനാവൂവെന്ന് സുധാകരന്‍ തുറന്നടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com