കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഗുരുതര പരിക്ക്

ഗുണ്ടാ നിയമപ്രകാരം ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് സുരേഷിനെ അക്രമിച്ചത്
കണ്ണൂര്‍ സെന്‍ഡ്രല്‍ ജയില്‍/ ഫയല്‍
കണ്ണൂര്‍ സെന്‍ഡ്രല്‍ ജയില്‍/ ഫയല്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ എം സുരേഷിന് ഗുരുതരമായി പരിക്കേറ്റു. ഗുണ്ടാ നിയമപ്രകാരം ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് സുരേഷിനെ അക്രമിച്ചത്. കഴിഞ്ഞ ദിവസം ജയില്‍ ജീവനക്കാരെയും പ്രതികള്‍ മര്‍ദിച്ചിരുന്നു. സുരേഷിന്റെ തലയ്ക്കാണ് അടിയേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച സുരേഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. 

അവശ്യമെങ്കില്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതിയാണ് സിപിഎം പ്രവര്‍ത്തകനായ  സുരേഷ്. രാവിലെ രണ്ടാം ബ്ലോക്കിനടുത്ത് വച്ച് വ്യായാമം ചെയ്യവെയാണ് അക്രമിച്ചത്.


നിരവധി അക്രമ-ക്വട്ടേഷന്‍-കഞ്ചാവ്  കേസുകളില്‍ പ്രതിയായി ശിക്ഷ അനുഭവിക്കുന്ന അസീസ് ആണ് അക്രമിച്ചത്. ജയിലിനുള്ളില്‍ കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന.  കൊലക്കേസുകളിലടക്കം പ്രതികളായ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും പരോളിലാണ്. ഇവരുടെ സംഘബലം കുറഞ്ഞതോടെയാണ് കഞ്ചാവ്-ക്വട്ടേഷന്‍ കേസ് പ്രതികള്‍ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കെതിരെ തിരിഞ്ഞത്. ജയില്‍ ജീവനക്കാരെയും പ്രതികള്‍ മര്‍ദിക്കാറുണ്ട്. തടയാന്‍ ശ്രമിച്ചാല്‍, പലപ്പോഴും ഇവര്‍ ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് കുറ്റം തങ്ങളുടെ മേല്‍  ചുമത്തുകയാണ് പതിവെന്നും ജയില്‍ ജീവനക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com